പി.എം.എ. സമീറിന്റെ ആറാം ദിന പര്യടനം തെന്നലയിൽ ആവേശമായി.

 


തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എം.എ സമീറിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തെന്നല പഞ്ചായത്തില്‍ ഇന്നലെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തെന്നലയൊന്നാകെ സ്ഥാനാര്‍ഥിയോടൊപ്പമെന്ന രീതിയില്‍ ജനപങ്കാളിത്തം നിറഞ്ഞ പര്യടനമായിരുന്നു ആറാം ദിനത്തില്‍ കണ്ടത്. പഞ്ചായത്തിലെ കോഴിച്ചെന തിരുത്തിയില്‍ നിന്നാരംഭിച്ച പര്യടനം ഗ്രാമത്തിലെ പ്രധാന വഴികളിലൂടെയും ചെറുവഴികളിലൂടെയും സഞ്ചരിച്ച് കൊടക്കല്ലില്‍ സമാപിച്ചു. വഴിയോരങ്ങളില്‍ കാത്തുനിന്ന നാട്ടുകാര്‍ കൈവീശിയും അഭിവാദ്യം അര്‍പ്പിച്ചും സ്ഥാനാര്‍ഥിയെ വരവേറ്റു.

ആറാം ദിനത്തിലെ പര്യടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പര്യടനത്തിനിടെ വീടുതോറും കയറിച്ചെല്ലുകയും കുടുംബാംഗങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്ത സമീര്‍, ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ടറിഞ്ഞു. കുടിവെള്ളം, റോഡ്, ഡ്രെയിനേജ്, തൊഴില്‍ അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. മുതിര്‍ന്നവരില്‍ നിന്ന് അനുഗ്രഹം തേടിയും, യുവാക്കളുമായി സൗഹൃദസംഭാഷണം നടത്തിയും, കുട്ടികളോട് സ്‌നേഹപൂര്‍വം ഇടപഴകിയും സ്ഥാനാര്‍ഥി മുന്നേറി. ഓരോ നിമിഷവും ജനങ്ങളുമായി അടുപ്പം വര്‍ധിപ്പിക്കുന്ന തരത്തിലായിരുന്നു പര്യടനം.

വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും നടന്ന ചെറിയ കൂടിക്കാഴ്ചകളില്‍ മണ്ഡലത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. രാഷ്ട്രീയ ആവേശത്തോടൊപ്പം ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറഞ്ഞ ഒരു പ്രചാരണ ദിനമായിരുന്നു തെന്നലയില്‍ കണ്ടത്.

തെന്നലയിലെ വിവിധ കേന്ദ്രങ്ങളില്‍ കെ കുഞ്ഞിമരക്കാര്‍, വി.ടി സുബൈര്‍ തങ്ങള്‍, യു.എ റസാഖ്, സി.കെ മുനീര്‍, നിസാമുദ്ധീന്‍ ചാത്തേരി പ്രസംഗിച്ചു. പര്യടനത്തിന് സലാം തെന്നല, കെ ബഷീര്‍ മാസ്റ്റര്‍, ടി.വി മൊയ്തീന്‍, എം.പി കുഞ്ഞിമൊയ്തീന്‍, ഷരീഫ് വടക്കയില്‍, നാസര്‍ കെ തെന്നല, പി.ടി സലാഹു, തേനത്ത് മുഹമ്മദ്, പി.പി അഫ്‌സല്‍, എം.സി ജലീല്‍, സി.കെ കോയ, റഫീഖ് ചോലയില്‍ തുടങ്ങി യു.ഡി.എഫ് നേതാക്കൾ  നേതൃത്വം നല്‍കി.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم