പി.എം.എ. സമീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ബാലറ്റ് ബാഷ് ശ്രദ്ധേയമായി; പുതിയ തലമുറയാണ് രാജ്യത്തിന്റെ ഭാവി: ശശി തരൂര്‍



തിരൂരങ്ങാടി: യുവജനങ്ങളെയും ആദ്യ വോട്ടര്‍മാരെയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ബാലറ്റ് ബാഷ് -നെക്സ്റ്റ് ജന്‍ ഡയലോഗ് ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍ മോഡറേറ്ററായ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവും എം.പി യുമായ ശശി തരൂര്‍, മുസ്ലിംലീഗ് നേതാവും എം.പിയുമായ അഡ്വ.ഹാരിസ് ബീരാന്‍, ഡോ.കെ.പി ഹുസൈന്‍ പങ്കെടുത്തു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യു.ഡി.എസ്.എഫ് സമഘടിപ്പിച്ച പരിപാടി പുതിയ തലമുറയുടെ രാഷ്ട്രീയ ചിന്തകളും പ്രതീക്ഷകളും നേരിട്ട് കേള്‍ക്കാനും അവര്‍ക്കൊപ്പം സംവദിക്കാനുമുള്ള വേദിയായി മാറി. വിദ്യാഭ്യാസം, തൊഴിലവസരം, സാങ്കേതിക വികസനം, ജനാധിപത്യ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.

യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി സംസാരിച്ച ശശി തരൂര്‍ പുതിയ തലമുറയാണ് രാജ്യത്തിന്റെ ഭാവിയെന്ന് വ്യക്തമാക്കി. ബോധവല്‍ക്കരിച്ച വോട്ടിംഗ് സംസ്‌കാരവും ജനാധിപത്യത്തില്‍ സജീവ പങ്കാളിത്തവും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭരണ ഘടന തന്നെ അപകടത്തിലാണെന്നും ഫാസിസ്റ്റ് സര്‍ക്കാര്‍ അതെല്ലാം തിരുത്തിയെഴുതുമ്പോള്‍ അതിനെതിരെ ആദ്യം ഉയരേണ്ട ശബ്ദം യുവതയുടേതാണെന്നും അത്തരം ശക്തികള്‍ക്കെതിരെ ശക്തമായി പോരാടണമെന്നും ഹാരിസ് ബീരാന്‍ എം.പി പറഞ്ഞു. പി.കെ റബീഹ്, പി.കെ അനീസ്, അനസ് വെന്നിയൂര്‍, ഷനാഹ ഷര്‍ത്തു, ആമിന സംസാരിച്ച പരിപാടിയില്‍ വിവിധ മേഖലകളിലെ വിദ്യാര്‍ത്ഥികളും യുവാക്കളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم