ഗൂഗിളിന്റെ അഞ്ചോളം ആപ്പുകളുടെ ഐക്കണുകളുടെ ഡിസൈൻ സമീപകാലത്തായി മാറ്റം വരുത്തിയിരുന്നു. ഗ്രേഡിയന്റ് ശൈലിയിലുള്ള നിറങ്ങളുമായാണ് ഐക്കണുകളുടെ പുതിയ ഡിസൈൻ. ഗൂഗിൾ, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ ഫോട്ടോസ്, ജെമിനി, ഹോം എന്നിവയുടെയെല്ലാം ഐക്കണുകളിൽ ഈ ഗ്രേഡിയന്റ് ശൈലി കാണാം. എന്നാൽ ഈ ശൈലിയിൽ തങ്ങളുടെ മറ്റ് വർക്ക്‌സ്‌പേസ് ആപ്പുകളുടേയും ഐക്കണുകൾ മാറ്റാനൊരുങ്ങുകയാണ് ഗൂഗിൾ.
നിർമിത ബുദ്ധി (AI) ഫീച്ചറുകളുടെ സാന്നിധ്യം വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ വലിയ മാറ്റം കൊണ്ടുവരുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇതിനു മുമ്പ് ഗൂഗിൾ എല്ലാ ആപ്പുകളുടേയും ഐക്കണുകൾ നീല, മഞ്ഞ, പച്ച, ചുവപ്പ് എന്നീ നാല് നിറങ്ങൾ മാത്രം ഉൾപ്പെടുത്തി പരിഷ്‌കരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ശൈലി തന്നെയാണ് ഗൂഗിൾ തുടർന്നുവന്നത്. എന്നാൽ സമാനമായ നിറങ്ങളായതിനാൽ ആപ്പുകളെ പരസ്പരം തിരിച്ചറിയാൻ പ്രയാസമാണെന്ന വിമർശനം ഉപഭോക്താക്കളിൽനിന്ന് ഉയർന്നിരുന്നു.
ഈ പരാതി പരിഗണിച്ചു കൊണ്ടാണ് ഗൂഗിൾ തങ്ങളുടെ വർക്ക്‌സ്‌പേസ് ആപ്പുകളുടെ ഐക്കൺ ഡിസൈനിൽ പുതിയ മാറ്റം കൊണ്ടുവരുന്നത്. രൂപത്തിലും നിറങ്ങളിലും വ്യത്യസ്തങ്ങളായതും എന്നാൽ ഗ്രേഡിയന്റ് ശൈലിയിൽ ഒന്നിലധികം നിറങ്ങൾ ഉൾപ്പെടുന്നതുമായിരിക്കും പുതിയ ഐക്കണുകൾ.
ജിമെയിൽ: പഴയ 'M' എൻവലപ്പ് രൂപം നിലനിർത്തിക്കൊണ്ട് കുറച്ചുകൂടി ഉരുണ്ടതാക്കി മാറ്റിയിട്ടുണ്ട്. പ്രധാനമായും ചുവപ്പ് നിറമുള്ള ഇതിൽ മഞ്ഞ, പച്ച, നീല എന്നീ നിറങ്ങൾ ഗ്രേഡിയന്റ് ആയി നൽകിയിരിക്കുന്നു. പുതിയ ഐക്കണുകളിൽ ഗൂഗിളിന്റെ നാല് നിറങ്ങളും നിലനിർത്തിയിട്ടുള്ള ഏക ആപ്പ് ജിമെയിലാണ്.
ഗൂഗിൾ ഡ്രൈവ്: ചുവപ്പ് നിറം പൂർണമായി ഒഴിവാക്കി, പച്ച, മഞ്ഞ, നീല എന്നീ നിറങ്ങളിലാണ് പുതിയ ഡ്രൈവ് ഐക്കൺ. കുറച്ചുകൂടി ഉരുണ്ട ത്രികോണാകൃതിയാണ് ഇതിന് നൽകിയിരിക്കുന്നത്.
ഡോക്‌സ്, ഷീറ്റ്‌സ്, സ്ലൈഡ്‌സ്: നേരത്തെ സമാനത പുലർത്തിയിരുന്ന ഐക്കണുകളായിരുന്നു ഇവയുടേത്. വെർട്ടിക്കൽ ഡോക്യുമെന്റ് ഐക്കണിൽ നിറങ്ങളും അതിന്റെ ഉപയോഗം സൂചിപ്പിക്കുന്ന ചിഹ്നങ്ങളിലുമായിരുന്നു വ്യത്യാസം ഉണ്ടായിരുന്നത്. ഡോക്‌സിന് നീലയും, ഷീറ്റ്‌സിന് പച്ചയും, സ്ലൈഡ്‌സിന് മഞ്ഞയും നിറങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പുതിയ ഡിസൈനിൽ ഡോക്‌സ് പഴയതുപോലെ വെർട്ടിക്കൽ ശൈലിയിലുള്ള ഐക്കൺ തന്നെ തുടരുമ്പോൾ, ഷീറ്റ്‌സും സ്ലൈഡ്‌സും അവയുടെ ഉപയോഗത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ ലാൻഡ്‌സ്‌കേപ്പ് (landscape) രൂപത്തിലേക്ക് മാറിയിട്ടുണ്ട്. ഒരു നിറത്തിന് പകരം ഒന്നിലധികം നിറങ്ങളുള്ള ഗ്രേഡിയന്റ് നിറങ്ങളാണ് ഇവയ്ക്ക് നൽകിയിരിക്കുന്നത്.
മീറ്റ്, ചാറ്റ്: മീറ്റിന്റെ ക്യാമറ ഐക്കൺ വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്, പ്രധാനമായും മഞ്ഞ നിറമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിൾ ചാറ്റ് ഒരു ഗുളികയുടെ ആകൃതിയിലുള്ള മെസ്സേജ് ബബിളായി മാറിയിട്ടുണ്ട്. പഴയ ഹാങ്ഔട്ട്‌സിനെ (Hangouts) ഓർമിപ്പിക്കുന്നവിധത്തിലുള്ള ഈ ഐക്കണിന് പച്ചനിറമാണ് നൽകിയിരിക്കുന്നത്.
കലണ്ടർ: പഴയ ഫ്ലിപ്പ്-സ്റ്റൈൽ രൂപത്തിലേക്ക് തിരികെയെത്തിയിരിക്കുന്ന കലണ്ടർ ഐക്കണിൽ പ്രധാന നിറം നീലയാണ്.
إرسال تعليق
Thanks