തിരൂരങ്ങാടിയുടെ സമഗ്ര വികസനത്തിന് ദാർശനികമായ കാഴ്ചപ്പാട് വേണം: അജിത് കൊളാടി


തിരൂരങ്ങാടി: വിജ്ഞാനത്തിൻ്റെയും പൈതൃകത്തിൻ്റെയും മണ്ണായ തിരൂരങ്ങാടിയുടെ വികസനത്തിന് ദാർശനികമായ അടിത്തറയുള്ള പുതിയൊരു കാഴ്ചപ്പാട് ആവശ്യമാണെന്ന് തിരൂരങ്ങാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് കൊളാടി. തിരൂരങ്ങാടി പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'മീറ്റ് ദി കാൻഡിഡേറ്റ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഖ്ദൂം പണ്ഡിതന്മാരുടെയും തങ്ങന്മാരുടെയും പാരമ്പര്യമുള്ള തിരൂരങ്ങാടിയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ലോകം ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്, പുതിയ കാലത്തിനനുസരിച്ചുള്ള നൂതനമായ കോഴ്സുകൾ ഇവിടെ ആരംഭിക്കണം.  

കടലോര മേഖലയും കായലുകളും കേന്ദ്രീകരിച്ച് വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്നും പൊന്നാനിയിലെ കർമ്മ റോഡ് മാതൃകയിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായ ഗതാഗതക്കുരുക്കിന് ശാസ്ത്രീയമായ പരിഹാരം കാണേണ്ടതുണ്ട്. വാഹനങ്ങളുടെയും ജനസംഖ്യയുടെയും വർദ്ധനവ് അനുസരിച്ച് റോഡുകൾ വികസിക്കുന്നില്ല. ചെമ്മാട് ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് അടിയന്തരമായി പരിഹരിക്കാൻ വിദഗ്ധരുമായി ആലോചിച്ച് പ്രത്യേക പ്രോജക്ട് തയ്യാറാക്കുമെന്നും അജിത് കൊളാടി ഉറപ്പുനൽകി.

രാഷ്ട്രീയത്തിൽ ഇന്ന് ധാർമ്മികതയ്ക്കും ആദർശങ്ങൾക്കും വലിയ തോതിലുള്ള മൂല്യച്യുതി സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മർദ്ദ ഗ്രൂപ്പുകൾക്കും കോർപ്പറേറ്റുകൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വഴിപ്പെടുന്നത് അപകടകരമാണ്. കേരളത്തിലെ ആരോഗ്യരംഗത്തെപ്പോലും കോർപ്പറേറ്റുകൾ കൈയടക്കാൻ ശ്രമിക്കുകയാണ്. ഇൻഷുറൻസുകളെയും പ്രീമിയങ്ങളെയും ആശ്രയിച്ച് സാധാരണക്കാരന് ചികിത്സ ലഭിക്കാത്ത സാഹചര്യം വരുന്നത് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തമാണ് സ്ഥാനാർത്ഥിത്വം. തൻ്റെ വൈജ്ഞാനികവും സാംസ്കാരികവുമായ താല്പര്യങ്ങൾക്കൊപ്പം തന്നെ ജനസേവനത്തിനായുള്ള പാർട്ടിയുടെ ഈ തീരുമാനം പൂർണ്ണമനസ്സോടെ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻ്റ് യു.എ. റസാഖ്, ട്രഷറർ ഷിനീബ് മൂഴിക്കൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ എൽഡിഎഫ് നേതാക്കളായ നിയാസ് പുളിക്കലകത്ത്, കെ കെ സമദ്, തയ്യിൽ അലവി, മൊയ്തീൻ കോയ, സി. ഇബ്രാഹിം കുട്ടി, ഗിരീഷ് തോട്ടത്തിൽ സംബന്ധിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post