കൊച്ചി: രൂക്ഷമായി തുടരുന്ന പാചകവാതക ക്ഷാമം സംസ്ഥാനത്തെ ഹോട്ടല്‍ മേഖലയെ വൻ പ്രതിസന്ധിയിലാക്കുന്നു. കൊവിഡ് കാലത്തിന് സമാനമായ സാഹചര്യമാണ് ഉടലെടുക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവില്‍ സംസ്ഥാനത്തെ 80 ശതമാനത്തോളം ഹോട്ടലുകള്‍ പ്രവർത്തന രഹിതമാണ്. നഗരങ്ങളില്‍ ജോലിക്കും വിദ്യാഭ്യാസത്തിനും മറ്റുമൊക്കെയായി താമസിച്ച് ഹോട്ടലുകളെയും മറ്റും ഭക്ഷണത്തിനായി ആശ്രയിക്കുന്നവരെയാണ് പ്രശ്നം രൂക്ഷമായി ബാധിക്കുന്നത്. കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ രാത്രിയായാല്‍ ഇത്തരക്കാർക്ക് എവിടെയും ഭക്ഷണം കിട്ടാത്ത സാഹചര്യമുണ്ട്. കൊച്ചി കോർപറേഷൻ നടത്തുന്ന സമൃദ്ധി, ഇന്ദിരാ കാന്റീൻ പോലുള്ള കേന്ദ്രങ്ങളില്‍ ഭക്ഷണത്തിനായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചെറിയ പെരുന്നാളിന്റെ അവധി കഴിഞ്ഞ് നാടുകളില്‍ പോയവർ മടങ്ങിയെത്തുന്നതോടെ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്നാണ് ആശങ്കയുയരുന്നത്.
നിലവില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകളിലെ അതിഥി തൊഴിലാളികളില്‍ നല്ലൊരു പങ്കും നാടുകളിലേക്ക് മടങ്ങുകയാണ്. എസ്.ഐ.ആറിന്റെ ആശങ്കയുള്ളതിനാല്‍ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്‍പ്പെടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായാണ് ഭൂരിഭാഗവും മടങ്ങുന്നത്. ഇതിനിടെ, ഹോട്ടല്‍ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികള്‍ക്ക് എല്‍.പി.ജി ലഭ്യമാക്കാമെന്ന സർക്കാർ നല്‍കിയ ഉറപ്പ് പാലിക്കപ്പെടുന്നില്ലെന്ന് പരാതിയുയർന്നിട്ടുണ്ട്.
സിലിണ്ടറിനായി ഗ്യാസ് ഏജൻസികളെ സമീപിക്കുമ്പോള്‍ സർക്കാരില്‍നിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. അതേസമയം, ഇന്നത്തോടെ രാജ്യത്തേക്ക് കൂടുതലായി പാചക വാതകം എത്തുമെന്നത് ആശ്വാസം പകരുന്നുണ്ടെങ്കിലും സിലിണ്ടറുകളുടെ വിതരണം സുഗമമാകാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് അറിയുന്നത്.
ചില ഹോട്ടലുകള്‍ പ്രവർത്തനം അടുപ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും വിറകിന്റെ വില വർധനയും ലഭ്യതക്കുറവും തിരിച്ചടിയാകുന്നു. അടുപ്പു കൂട്ടാൻ സ്ഥലപരിമിതിയുള്ള നഗര കേന്ദ്രീകൃതമായ ഹോട്ടലുകള്‍ക്കാണ് തിരിച്ചടി നേരിട്ടത്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ഒട്ടുമിക്ക ഹോട്ടലുകളും ചായ കച്ചവടം നിർത്തിവച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ ചായയ്ക്കും പലഹാരങ്ങള്‍ക്കും അമിതവില ഈടാക്കുന്നതായും പരാതിയുണ്ട്.
Post a Comment
Thanks