തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഫിസിഷ്യന്റെ ഒഴിവ് തുടരുന്നു: നിയമനം നടന്നിട്ടും ഡോക്ടർ എത്തിയില്ല


​തിരൂരങ്ങാടി: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫിസിഷ്യന്റെ സേവനം നിലച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. നിലവിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറിപ്പോയതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് പുതിയ ഡോക്ടറുടെ  നിയമനം നടന്നുവെങ്കിലും നിയമിതനായ ഡോക്ടർ ഇതുവരെ ചുമതലയേൽക്കാത്തത് രോഗികളെ ദുരിതത്തിലാക്കുകയാണ്.

​ദിവസേന നൂറുകണക്കിന് രോഗികൾ ഫിസിഷ്യനെ ആശ്രയിച്ച് എത്തുന്ന ഈ പ്രധാന ആശുപത്രിയിൽ ഫിസിഷ്യന്റെ അഭാവം ചികിത്സാ സൗകര്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വിഷയം നേരത്തെ സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ  ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ പുതിയ ഫിസിഷ്യനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും ഡോക്ടർ ആശുപത്രിയിൽ ചാർജെടുക്കാൻ ഇത് വരെ  തയ്യാറായിട്ടില്ല.

​          ഫിസിഷ്യന്റെ ചികിത്സ തേടി ദൂരസ്ഥലങ്ങളിൽ നിന്നും ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരായ രോഗികൾ ഡോക്ടറില്ലാത്തതിനാൽ മടങ്ങേണ്ടി വരുന്നു.ജീവിതശൈലീ രോഗങ്ങൾക്കും മറ്റും സ്ഥിരമായി ചികിത്സ തേടുന്നവർക്ക് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.സർക്കാർ ഉത്തരവ് നിലവിലുണ്ടായിട്ടും ഡോക്ടർ എത്താത്തത് അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായാണ് ജനങ്ങൾ കാണുന്നത്.​പുതിയ ഡോക്ടറെ ഉടൻ ചുമതലയേൽപ്പിക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും   അഷ്റഫ് കളത്തിങ്ങൽ പാറ കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു.

Post a Comment

Thanks

Previous Post Next Post