നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമുള്ള മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി തെരഞ്ഞടുപ്പ് കാലയളവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞടുപ്പ്് ഓഫീസര്‍ രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തില്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, എ.ഡി.എം. സി.എസ് രാജേഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ്. വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സമൂഹത്തിൽ ഭിന്നതകള്‍ വര്‍ധിപ്പിക്കുന്നതിനോ വിവിധ ജാതികളും സമുദായങ്ങളും (മതപരമോ ഭാഷാപരമോ ആയ) തമ്മില്‍ പരസ്പര വിദ്വേഷം വളര്‍ത്തുന്നതിനോ സംഘര്‍ഷമുണ്ടാക്കുന്നതിനോ കാരണമായേക്കാവുന്ന യാതൊരു പ്രവര്‍ത്തനത്തിലും പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടാന്‍ പാടുള്ളതല്ല.
മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍, അത് അവരുടെ നയങ്ങളിലും പരിപാടികളിലും മുന്‍കാല റെക്കോര്‍ഡുകളിലും പ്രവര്‍ത്തനങ്ങളിലും മാത്രമായി പരിമിതപ്പെടുത്തണം. മറ്റ് പാര്‍ട്ടികളുടെ നേതാക്കളുടെയോ പ്രവര്‍ത്തകരുടെയോ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വശങ്ങളെ വിമര്‍ശിക്കുന്നതില്‍ നിന്ന് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വിട്ടുനില്‍ക്കണം. തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെയോ വളച്ചൊടിക്കലുകളുടെയോ അടിസ്ഥാനത്തില്‍ മറ്റ് പാര്‍ട്ടികളെയോ അവരുടെ പ്രവര്‍ത്തകരെയോ വിമര്‍ശിക്കുന്നത് ഒഴിവാക്കണം.
വോട്ട് നേടുന്നതിനായി ജാതിയുടെയോ വര്‍ഗ്ഗീയതയുടെയോ പേരില്‍ അഭ്യര്‍ത്ഥനകള്‍ നടത്തരുത്. പള്ളികള്‍, ചര്‍ച്ചുകള്‍, ക്ഷേത്രങ്ങള്‍ അല്ലെങ്കില്‍ മറ്റ് ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കാന്‍ പാടുള്ളതല്ല.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കോഴ നല്‍കുക, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുക, ആള്‍മാറാട്ടം നടത്തുക, പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ട് അഭ്യര്‍ത്ഥിക്കുക, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പൊതുയോഗങ്ങള്‍ നടത്തുക, വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള 'അഴിമതി നിറഞ്ഞ പ്രവര്‍ത്തനങ്ങളും' കുറ്റകൃത്യങ്ങളും പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും കര്‍ശനമായി ഒഴിവാക്കണം.
ഓരോ വ്യക്തിയുടെയും സമാധാനപരമായ കുടുംബജീവിതത്തിനുള്ള അവകാശത്തെ മാനിക്കണം. വ്യക്തികളുടെ രാഷ്ട്രീയ അഭിപ്രായങ്ങളോടോ പ്രവര്‍ത്തനങ്ങളോടോ പാര്‍ട്ടികള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ പോലും, അവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങളോ പിിക്കറ്റിംഗോ സംഘടിപ്പിക്കാന്‍ പാടുള്ളതല്ല.
ഏതെങ്കിലും വ്യക്തിയുടെ അനുവാദം കൂടാതെ അവരുടെ സ്ഥലമോ കെട്ടിടമോ മതില്‍ക്കെട്ടോ കൊടിമരങ്ങള്‍ നാട്ടുന്നതിനോ ബാനറുകള്‍ തൂക്കുന്നതിനോ നോട്ടീസുകള്‍ ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ അനുയായികളെ അനുവദിക്കരുത്.
മറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങളിലും ഘോഷയാത്രകളിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉറപ്പുവരുത്തണം. ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടികളുടെ യോഗങ്ങളില്‍ ചോദ്യങ്ങള്‍ ചോദിച്ചോ ലഘുലേഖകള്‍ വിതരണം ചെയ്തോ തടസ്സങ്ങള്‍ ഉണ്ടാക്കരുത്. ഒരു പാര്‍ട്ടി യോഗം നടത്തുന്ന സ്ഥലങ്ങളിലൂടെ മറ്റൊരു പാര്‍ട്ടി ഘോഷയാത്രകള്‍ നടത്താന്‍ പാടുള്ളതല്ല. ഒരു പാര്‍ട്ടി പതിപ്പിച്ച പോസ്റ്ററുകള്‍ മറ്റൊരു പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നശിപ്പിക്കരുത്.
യോഗം നടത്തുന്ന സ്ഥലവും സമയവും കൃത്യസമയത്ത് പ്രാദേശിക പോലീസിനെ അറിയിക്കണം. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനുമായി ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ഇത് പോലീസിനെ സഹായിക്കും.
യോഗം നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് നിരോധനാജ്ഞയോ മറ്റ് നിയന്ത്രണങ്ങളോ നിലവിലുണ്ടോ എന്ന് മുന്‍കൂട്ടി പരിശോധിക്കണം. ഉണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കണം. ഇളവുകള്‍ ആവശ്യമുണ്ടെങ്കില്‍ മുന്‍കൂട്ടി അപേക്ഷിച്ച് അനുമതി വാങ്ങണം.
ഉച്ചഭാഷിണികളോ മറ്റ് സൗകര്യങ്ങളോ ഉപയോഗിക്കുന്നതിന് അനുമതി ആവശ്യമാണെങ്കില്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടി ലൈസന്‍സ് വാങ്ങണം.
യോഗങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന്റെ സഹായം തേടണം. സംഘാടകര്‍ നേരിട്ട് നടപടിയെടുക്കാന്‍ പാടുള്ളതല്ല.
ഘോഷയാത്ര ആരംഭിക്കുന്ന സമയം, സ്ഥലം, സഞ്ചരിക്കേണ്ട വഴി, അവസാനിക്കുന്ന സ്ഥലം എന്നിവ മുന്‍കൂട്ടി നിശ്ചയിക്കണം. നിശ്ചയിച്ച പ്രോഗ്രാമില്‍ നിന്ന് മാറ്റം വരുത്തരുത്.
ആവശ്യമായ ക്രമീകരണങ്ങള്‍ക്കായി പോലീസിനെ മുന്‍കൂട്ടി വിവരം അറിയിക്കണം.
ഘോഷയാത്ര കടന്നുപോകുന്ന ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയും അവ പാലിക്കുകയും വേണം. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയില്‍ ഘോഷയാത്ര ക്രമീകരിക്കണം. നീളമുള്ള ഘോഷയാത്രയാണെങ്കില്‍ ഇടവേളകളില്‍ ഗതാഗതം കടത്തിവിടാന്‍ പാകത്തില്‍ കഷണങ്ങളായി ക്രമീകരിക്കണം.
ഘോഷയാത്രകള്‍ റോഡിന്റെ വലതുവശം ചേര്‍ന്ന് പോകണം. പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഒന്നിലധികം പാര്‍ട്ടികള്‍ ഒരേ വഴിയിലൂടെ ഒരേ സമയം ഘോഷയാത്ര നടത്തുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്ത് തര്‍ക്കങ്ങള്‍ ഒഴിവാക്കണം.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രവര്‍ത്തകര്‍ ആയുധങ്ങളോ ദുരുപയോഗം ചെയ്യാവുന്ന വസ്തുക്കളോ കൈവശം വെക്കുന്നില്ലെന്ന് പാര്‍ട്ടികള്‍ ഉറപ്പാക്കണം.
മറ്റ് നേതാക്കളുടെയോ പാര്‍ട്ടികളുടെയോ കോലം കെട്ടുകയോ പൊതുസ്ഥലത്ത് അവ കത്തിക്കുകയോ ചെയ്യുന്ന രീതിയിലുള്ള പ്രതിഷേധങ്ങള്‍ പാടില്ല.
إرسال تعليق
Thanks