കടലുണ്ടി പുഴയുടെ തീരത്ത് കൂരിയാട് ഭാഗത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കരയിടിച്ചിലിന് ശാശ്വത പരിഹാരമാകുന്നു. ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുഴയോരം ഇടിഞ്ഞുതാഴ്ന്ന സാഹചര്യത്തിൽ, ഏകദേശം മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റാണ് ജലസേചന വിഭാഗം തയ്യാറാക്കിയിരിക്കുന്നത്.
പനമ്പുഴ പാലം മുതൽ ജംസ് സ്കൂൾ മതിൽ വരെയുള്ള 170 മീറ്റർ നീളത്തിലും ആറ് മീറ്റർ ഉയരത്തിലുമാണ് സംരക്ഷണ മതിൽ നിർമ്മിക്കുന്നത്. ബാക്കിയുള്ള ഭാഗങ്ങളിലെ സംരക്ഷണത്തിനായി പുതിയ പ്രൊപ്പോസൽ സമർപ്പിച്ചതായും അധികൃതർ.
ദേശീയപാതയിലെ പാലം നിർമ്മാണത്തിനായി പുഴയിൽ വെള്ളം കെട്ടിനിർത്തിയതോടെ ഒഴുക്കിന്റെ ഗതി മാറിയതാണ് കരയിടിച്ചിൽ രൂക്ഷമാകാൻ കാരണമായത്. ഇതോടെ പുഴയോരത്തെ നിരവധി തെങ്ങുകളും കവുങ്ങുകളും പുഴയിൽ പതിച്ചു. ഇതിനുപുറമെ പത്തിലധികം വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശം പൂർണ്ണമായും ഇടിഞ്ഞുപോകുമെന്ന ഭീഷണിയിലായിരുന്നു.
പാർശ്വഭിത്തി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ-ഇറിഗേഷൻ മന്ത്രിമാർക്കും കളക്ടർക്കും നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നു.
പരാതികളിൽ നടപടി വൈകിയതോടെ നാട്ടുകാർ സെക്രട്ടറി 2025 ഡിസംബറിൽ മുഖ്യമന്ത്രിക്കും 'സി.എം വിത്ത് മീ' പോർട്ടലിലും പരാതി നൽകി. ഇതിനെത്തുടർന്നാണ് ജലസേചന വിഭാഗം മലപ്പുറം അസിസ്റ്റന്റ് എഞ്ചിനീയർ എസ്റ്റിമേറ്റ് നടപടികൾ വേഗത്തിലാക്കിയത്.
പാർശ്വഭിത്തി നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ ആശങ്കയ്ക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷ.
Post a Comment
Thanks