സൂപ്പർ താരമായിരുന്ന വിജയ് നയിക്കുന്ന തമിഴ് നാട് സർക്കാരിൻ്റെ മറ്റൊരു സൂപ്പർ പദ്ധതി. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഒരുഗ്രാം സ്വർണ മോതിരം നൽകുന്ന(gold ring for babies) പുതിയ ക്ഷേമപദ്ധതി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ടിവികെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന ‘തായ് മാമൻ തങ്ക മോതിരം' പദ്ധതിയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രഖ്യാപിച്ചത്. പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപ വകയിരുത്തുമെന്നും സർക്കാർ അറിയിച്ചു.
വിജയ് യുടെ ജന്മദിനമായ ജൂൺ 22 മുതൽ ജനിക്കുന്ന മുഴുവൻ കുഞ്ഞുങ്ങൾക്കും ഈ ആനുകൂല്യം ലഭ്യമാകും. എന്നാൽ, മുൻ മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയുടെ ജന്മവാർഷിക ദിനമായ സെപ്റ്റംബർ 15ന് ആണ് പദ്ധതി ഔദ്യോഗികമായി ആരംഭിക്കുക. ഒരോവർഷവും ഏകദേശം നാല് ലക്ഷം കുഞ്ഞുങ്ങൾ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
പുതുതായി ജനിക്കുന്ന കുഞ്ഞിന് മാതൃസഹോദരൻ സമ്മാനവും അനുഗ്രഹവും നൽകുന്ന പാരമ്പര്യത്തിൻ്റെ പ്രതീകാത്മക രൂപമായാണ് സർക്കാർ ഈ പദ്ധതിയെ അവതരിപ്പിക്കുന്നത്. കുഞ്ഞുങ്ങളോടും കുടുംബങ്ങളോടുമുള്ള കരുതലിന്റെ അടയാളമായാണ് സർക്കാർ സ്വർണ മോതിരം നൽകുന്നത്.
പ്രഗ്നൻസി ആൻഡ് ഇൻഫൻ്റ് കൊഹോർട്ട് മോണിട്ടറിങ് ആൻഡ് ഇവാലുവേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും റീപ്രൊഡക്ടിവ് ആൻഡ് ചൈൽഡ് ഹെൽത്ത് ഐഡി ഉള്ളതുമായ അമ്മമാരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. റേഷൻ കാർഡ്, വോട്ടർ ഐഡി, ആധാർ കാർഡ്, ക്ഷേമ ബോർഡുകൾ നൽകുന്ന തിരിച്ചറിയൽ കാർഡ്, തപാൽ വകുപ്പിൻ്റെ വിലാസ രേഖ, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷക്കായി സമർപ്പിക്കേണ്ടിവരും.
കുഞ്ഞുങ്ങൾക്ക്ലിംഗഭേദമില്ലാതെ ആനുകൂല്യം ലഭ്യമാകും. ഒന്നിലധികം പ്രസവങ്ങളുള്ള അമ്മമാർക്കും നിയന്ത്രണങ്ങളില്ലാതെ പദ്ധതി പ്രയോജനപ്പെടുത്താമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ വർഷംതോറുമുള്ള 4.42 ലക്ഷം പ്രസവങ്ങളിൽ 54 ശതമാനം മെഡിക്കൽ കോളജ് ആശുപത്രികളിലും 37 ശതമാനം ജില്ലാ, ഉപജില്ല ആശുപത്രികളിലുമാണ് നടക്കുന്നത്. ബാക്കി ഒമ്പത് ശതമാനം പ്രസവങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് രേഖപ്പെടുത്തുന്നത്.
പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി പ്രത്യേക സംസ്ഥാന പ്രോജക്ട്/പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് രൂപീകരിക്കും. ഓരോ ജില്ലയിലും പ്രത്യേക ലോജിസ്റ്റിക്സ് മാനേജർമാരെ നിയമിച്ച് പ്രതിമാസ സ്റ്റോക്ക് പരിശോധന നിർബന്ധമാക്കും. സംസ്ഥാനതലത്തിൽ പ്രത്യേക നോഡൽ ഓഫീസറും മേൽനോട്ടം വഹിക്കും. വിതരണ സംവിധാനം 'ഹബ് ആൻഡ് സ്പോക്ക്' മാതൃകയിലായിരിക്കും.
മെഡിക്കൽ കോളജ് ആശുപത്രികളുടെ ഡീൻ, ജില്ലാ ആശുപത്രികളിലെ മെഡിക്കൽ സൂപ്രണ്ടുമാരും മോതിരങ്ങളുടെ സംരക്ഷണ ചുമതല വഹിക്കും. 24 മണിക്കൂറും നിരീക്ഷണ സംവിധാനമുള്ള പ്രത്യേക ലോക്കറുകളിലായിരിക്കും മോതിരങ്ങൾ സൂക്ഷിക്കുക.
Post a Comment
Thanks