വെനസ്വേലയെ പിടിച്ചുകുലുക്കി ഭൂകമ്പം; മരണ സംഖ്യ ഒരു ലക്ഷം വരെ എത്തിയേക്കാം, രാജ്യത്ത് അടിയന്തരാവസ്ഥ


കാരക്കസ് |  വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഇരട്ട ഭൂകമ്പത്തിൽ ഔദ്യോഗിക മരണ സംഖ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മരണ സംഖ്യ 10,000 മുതൽ ഒരു ലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ ആശങ്ക പ്രകടിപ്പിച്ചു. തലസ്ഥാനമായ കാരക്കസിലെ ഒരു മുനിസിപ്പാലിറ്റിയിൽ രണ്ട് കെട്ടിടങ്ങൾ തകർന്ന് 3 പേർ മരിച്ചതായി പ്രാദേശിക മേയർ സ്ഥിരീകരിച്ചിട്ടുണ്ട്. കാരക്കസിൽ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂർണമായി തകർന്നു വീണു. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. അതിനിടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 32 പേർ മരിച്ചതായും 700 പേർക്ക് പരുക്കേറ്റതായും ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. 


ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്. ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരദേശ നഗരമായ മൊറോണിനു പടിഞ്ഞാറ്, ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. മൊറോൺ നഗരത്തിനു 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ പ്രഭവകേന്ദ്രം. ഒരു മിനിറ്റിന്റെ ഇടവേളയിലായിരുന്നു രണ്ടു ഭൂകമ്പങ്ങളും. ഇതിനു പിന്നാലെ 20ൽ അധികം പ്രകമ്പനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. 


തലസ്ഥാനമായ കാരക്കസിൽ ഭൂചലനം കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചു. കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയതോടെ ജനങ്ങൾ തെരുവുകളിലേക്ക് ഓടി. നഗരത്തിലെ പല പ്രമുഖ കെട്ടിടങ്ങളുടെയും ചുവരുകൾ പൂർണമായി തകർന്നു വീണു. കാരക്കസിലെ രണ്ട് പ്രധാന ജനവാസ മേഖലകളിൽ കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് വൻതോതിൽ പൊടിപടലങ്ങൾ ഉയർന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. കൂടുതൽ നാശനഷ്ടങ്ങളും പരുക്കുകളും സംബന്ധിച്ച വിവരങ്ങൾ അധികൃതർ ശേഖരിച്ചു വരികയാണ്. രാജ്യത്ത് സൂനാമി മുന്നറിയിപ്പുമുണ്ട്. പ്രധാന വിമാനത്താവളമായ സൈമൻ ബൊലിവർ രാജ്യാന്തര വിമാനത്താവളം (മാക്വെറ്റിയ) അടച്ചു. കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാട് ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. പൊതു അവധി ദിനമായതിനാൽ പലരും വീടുകളിലായിരുന്നു. 1967 ൽ 6.3 തീവ്രതയുള്ള ഭൂകമ്പം കാരക്കാസിൽ മാരകമായ നാശം വിതച്ചിരുന്നു. ഇത്തവണത്തേത് അതിലും ശക്തമായ ഭൂകമ്പമായാണ് വിലയിരുത്തപ്പെടുന്നത്. 

Post a Comment

Thanks

Previous Post Next Post