ഡല്‍ഹി: ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവരുടെ വ്യക്തമായ അനുമതിയില്ലാതെ മറ്റ് മെറ്റാ പ്ലാറ്റ്ഫോമുകളുമായി പങ്കിടില്ലെന്ന് വാട്സ്‌ആപ്പ് സുപ്രീംകോടതിയെ അറിയിച്ചു.
ഡാറ്റാ പങ്കിടല്‍ വിഷയത്തില്‍ കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നല്‍കിയ നിർദ്ദേശങ്ങള്‍ പാലിക്കുമെന്ന് വാട്സ്‌ആപ്പ് കോടതിയില്‍ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ഡാറ്റ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മറ്റ് മെറ്റാ കമ്പനികളുമായി പങ്കിടുന്നതിന് മുമ്പ് ഉപഭോക്താവില്‍ നിന്ന് കൃത്യമായ അനുമതി വാങ്ങുമെന്ന് വാട്സ്‌ആപ്പ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.
ഡാറ്റാ പങ്കിടല്‍ നിയന്ത്രിക്കാൻ സി.സി.ഐ നല്‍കിയ നിർദ്ദേശങ്ങള്‍ മാർച്ച് 16-നകം നടപ്പിലാക്കുമെന്നും അതിന്റെ റിപ്പോർട്ട് സമർപ്പിക്കുമെന്നും കമ്പനി ഉറപ്പുനല്‍കി.
2021-ലെ വിവാദ പ്രൈവസി പോളിസി ഡാറ്റാ പങ്കിടലില്‍ കൃത്രിമം കാട്ടുന്നതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സി.സി.ഐ മെറ്റായ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു.
ഇതിനെതിരെയുള്ള അപ്പീല്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. വാട്സ്‌ആപ്പിന്റെ ഈ നീക്കത്തോടെ, തങ്ങളുടെ വിവരങ്ങള്‍ മൂന്നാം കക്ഷി ആപ്പുകള്‍ക്കോ മറ്റ് മെറ്റാ സേവനങ്ങള്‍ക്കോ നല്‍കണോ എന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
സാങ്കേതിക വിദ്യയുടെയോ ബിസിനസ് മോഡലിന്റെയോ പേരില്‍ പൗരന്മാരുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെത്തുടർന്നാണ് വാട്സ്‌ആപ്പ് തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയത്.
Post a Comment
Thanks