മലപ്പുറം:: ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രത്യേകമായ ആധുനിക ആശുപത്രി സ്ഥാപിക്കാന്‍ പദ്ധതി. ഇതിനായി ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തി. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കാന്‍സര്‍ ചികിത്സാ മേഖലയിലെ എല്ലാ സേവനങ്ങളും ഒരേ കുടക്കീഴില്‍ ലഭ്യമാക്കും. പ്രാരംഭ ഘട്ടത്തില്‍ ഒ.പി സേവനങ്ങളും സ്‌ക്രീനിംഗ് സംവിധാനങ്ങളും ആരംഭിക്കും.
സാമൂഹ്യ ക്ഷേമം, ആരോഗ്യരംഗം, വിദ്യാഭ്യാസം, കാര്‍ഷികം, വ്യവസായം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ് വൈസ് പ്രസിഡന്റ് എ.പി സ്മിജി അവതരിപ്പിച്ച ബജറ്റ്. 202.45 കോടി രൂപ വരവും 192.64 കോടി രൂപ ചെലവും 46.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കിഡ്നി വെല്‍ഫയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. വനിതകള്‍ക്ക് സൗജന്യ യാത്രക്ക് ഷീ ബസ്, അന്താരാഷ്ട്ര സ്പോര്‍ട്സ് സിറ്റി, മണ്ണ് - ജലം പരിശോധനാ ലാബുകള്‍, പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് വീടും സ്ഥലവും, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, ആശാ വര്‍ക്കര്‍മാര്‍ക്ക് അധിക വേതനം, സ്മാര്‍ട്ട് മലപ്പുറം പദ്ധതി, പൈതൃക ശാല, വി.ആര്‍ ലാബുകള്‍, മഹിളാ കേന്ദ്രങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് ആക്സസ് ഓണ്‍ വീല്‍സ് പദ്ധതി, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി, സമഗ്ര ടൂറിസം പദ്ധതി, വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, ഹൈടെക് ലാബുകള്‍, ലൈബ്രറി നവീകരണം എന്നിവയ്ക്കും പ്രത്യേക പരിഗണന നല്‍കി. സ്ത്രീശാക്തീകരണ പദ്ധതികള്‍, സ്വയംതൊഴില്‍ പദ്ധതികള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ക്ഷേമപദ്ധതികള്‍ എന്നിവയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. സ്ഥിരസമിതി അധ്യക്ഷരായ ഷാഹിന നിയാസി, പി.കെ അസ് ലു, ആലിപ്പറ്റ ജമീല, കെ.ടി അജ്മല്‍, അംഗങ്ങളായ വെട്ടം ആലിക്കോയ, കെ.ടി അഷ്റഫ്, എന്‍.എ കരീം, സെക്രട്ടറി പി.എം രാജീവ്, ഫിനാന്‍സ് ഓഫീസര്‍ എം.മുഹമ്മദ് ബഷീര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 31-ാമത്തെ ബഡ്ജറ്റും പുതിയ ഭരണസമിതിയുടെ ഒന്നാമത്തെ ബഡ്ജറ്റുമാണ് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks