തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മെഡിസിൻ വിഭാഗം ഒ.പി. മുടങ്ങിയിട്ട് മാസം കഴിഞ്ഞു; രോഗികൾ പ്രയാസത്തിൽ

 


തിരൂരങ്ങാടി:ഗവ: താലൂക്ക് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോക്ടറില്ലാത്തതിനാൽ   താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾ ഏറെ പ്രയാസപ്പെടുന്നു.      

ഇവിടെ ജനറൽ മെഡിസിൻ വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറിപോയിട്ട് ഒരു മാസത്തിലേറെയായി. പകരം ഡോക്ടർ വന്നിട്ടുമില്ല.ദിവസവും രണ്ടായിരത്തിലേറെ രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിൽ ജനറൽ മെഡിസിൻ ഡോക്ടർ ഇല്ലാത്തതിനാൽ മെഡിസിൻ ഒ.പി. തന്നെ പ്രവർത്തിക്കുന്നില്ല. വിവിധ ജീവിത ശൈലി രോഗങ്ങളടക്കമുള്ളവർ ആശ്രയിക്കുന്നത് മെഡിസിൻ വിഭാഗത്തെയാണ്. മാത്രമല്ല ഓപ്പറേഷൻ അടക്കമുള്ളവർക്ക് മെഡിക്കൽ ഫിറ്റ്നസ് അടക്കം നൽകേണ്ടതും മെഡിസിൻ ഡോക്ടറാണ്.

      തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള ജനറൽ മെഡിസിൻ  വിഭാഗത്തിൽ അടിയന്തിരമായി ഡോക്ടറെ നിയമിക്കണമെന്നും താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികളുടെ പ്രയാസം പരിഹരിക്കണമെന്നും  സാമൂഹ്യ പ്രവർത്തകനും മനുഷ്യാവകാശ സംഘടന ജനറൽ സെക്രട്ടറിയുമായ അഷ്റഫ് കളത്തിങ്ങൽ പാറ ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ: ശിബുലാലിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.


  ജീവിത ശൈലി രോഗമുള്ളവർക്ക് ഏക ആശ്രയവും ആശ്വാസവും ഗവ: താലൂക്ക് ആശുപത്രിയാണെന്നും സ്വകാര്യ ആശുപത്രികളിൽ ഒരു മാസത്തെ മരുന്നിന് തന്നെ ഭീമമായ സംഖ്യ വരുന്നതിനാൽ സാധാരണക്കാരെ സംബന്ധിച്ച് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാവുന്നുണ്ടെന്നും എത്രയും അടിയന്തിരമായി തിരൂരങ്ങാടി താലൂക്ക്  ആശുപത്രിയിൽ മെഡിസിൻ ഡോക്ടറെ നിയമിച്ച് പരിഹാരം കാണണമെന്നും  നിവേദനത്തിൽ ആവശ്യപ്പെട്ടു.

Post a Comment

Thanks

Previous Post Next Post