അവിടുത്തെ ചികിത്സ കൈയ്യുടെ ഷേപ്പ് തന്നെ മാറ്റി, പ്ലാസ്റ്ററിട്ട കൈ വളഞ്ഞ നിലയിൽ’; മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണവുമായി യുവാവ്


മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. മങ്ങംപറമ്പിൽ സുരേന്ദ്രൻ എന്നയാളാണ് പരാതി ഉന്നയിക്കുന്നത്. ബൈക്കിൽ നിന്ന് വീണ് പരിക്ക് പറ്റിയ കൈ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വളഞ്ഞതായിട്ടാണ് സുരേന്ദ്രൻ പറയുന്നത്. കൈയിൽ വേദനയും വളവുമുണ്ടായതോടെ ഡോക്ടർമാർ ഇനി ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചതായി സുരേന്ദ്രൻ പറയുന്നു. ഹോട്ടൽ ജീവനക്കാരനാണ് സുരേന്ദ്രൻ. ഇപ്പോൾ വേദന സഹിച്ചാണ് ദിവസേന ജീവിതം ഇയാൾ മുന്നോട്ട് കൊണ്ടുപോകുന്നത്.കഴിഞ്ഞ മെയ് മാസത്തിലാണ് സുരേന്ദ്രൻ ഇരുചക്ര വാഹനത്തിൽ നിന്ന് വീണത്. ചാത്തങ്ങോട്ടുപുറം റോഡിൽ മഴയത്ത് തെന്നി വീണത് ആണ്. അപകടത്തിന് പിന്നാലെ അസഹ്യ വേദന അനുഭവപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളേജിലേക്കാണ് നേരെ പോയത്. അവിടുത്തെ ചികിത്സ കൈയ്യുടെ ഷേപ്പ് തന്നെ മാറ്റി.


ആദ്യം മൂന്നു ആഴ്ച കൈ കെട്ടി. എല്ലാം ശരിയാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നിട്ടും മാറ്റം കണ്ടില്ല. അപ്പോൾ പ്ലാസ്റ്റർ ഇട്ടു. ഭേദം ആയില്ല. ഒടുവിൽ ഡോക്ടർമാർ പറയുന്നത് ഇനി സർജറി വേണമെന്നാണ്.


“ആശുപത്രിയിൽ എത്തുന്നവർക്കുള്ള ചികിത്സ ഡോക്ടർമാർക്ക് പോലും വ്യക്തമല്ലേ? ഇനി മറ്റൊരു പരീക്ഷണത്തിന് തയ്യാറല്ല, പേടി കൊണ്ടാണ്” എന്നാണ് സുരേന്ദ്രൻ പറയുന്നത്. ഇപ്പോൾ വേദന സഹിച്ചു കഴിയുന്നു. പരാതി കൊടുത്തിട്ട് ഒരു കാര്യമില്ലെന്നും അതിനു പിറകെ പായാൻ നേരമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.


നിലവിൽ ആശുപത്രിക്കു പരാതി ഒന്നും കിട്ടിയിട്ടില്ല എന്നും വിവരം അറിഞ്ഞ പശ്ചാത്തലത്തിൽ ചികിത്സാ രേഖകൾ പരിശോധിക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post