ദുബായ് | അബുദാബി - ദുബായ് റോഡിൽ ഗന്തൂത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞുപോയ ഒരേ കുടുംബത്തിലെ നാലു കണ്മണികൾക്ക് ഇന്ന്(ചൊവ്വ) ദുബായുടെ മണ്ണിൽ അന്ത്യനിദ്ര. തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷാസ്(14), അമ്മാർ(12), അസാം(8), അയാഷ്(5) എന്നിവരുടെ മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4ന് ദുബായ് മുഹൈസിന 2ലെ(സോണാപൂർ) അൽ ഷുഹാദ പള്ളിയിൽ നടക്കും.
ശേഷം പള്ളിക്ക് സമീപമുള്ള കബർസ്ഥാനിലാണ് നാലു സഹോദരങ്ങളും നിത്യനിദ്രയിലാവുക. ഇതിന് മുൻപ് അബുദാബിയിലും പ്രാർഥന നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. നാടിനെ നടുക്കിയ വിയോഗത്തിൽ അന്ത്യോപചാരമർപ്പിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയതിട്ടുള്ളത്. അബുദാബി ലിവ ഫെസ്റ്റിവലിന് പോയി മടങ്ങിയ കുടുംബമാണ് ഞായറാഴ്ച് പുലർച്ചെ അപകടത്തിൽപ്പെട്ടത്.
മൂന്ന് കുട്ടികളും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്റ(48)യും അപകടം നടന്ന ദിവസം തന്നെ മരിച്ചു. ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന അസാം ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടമെന്നാണ് വിവരം. പരുക്കേറ്റ അബ്ദുൽ ലത്തീഫും റുക്സാനയും ഏക മകൾ ഇസ്സയും അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ അബ്ദുൽ ലത്തീഫിന്റെയും ഇസ്സയുടെയും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. റുക്സാന ശസ്ത്രക്രിയകൾക്ക് വിധേയയായി.
إرسال تعليق
Thanks