തിരൂരങ്ങാടി: 1979 ൽ ആദ്യമായി സഊദി അറേബ്യയിലെ ഖുൻഫുദയിൽ പ്രവാസിയായി എത്തി ജോലി ചെയ്ത് പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയവരും ഇപ്പോൾ ഖുൻഫുദയിൽ ജോലി ചെയ്യുന്ന പുതു തലമുറയിൽപ്പെട്ട പ്രവാസികളും ഒന്നിച്ച് സംഗമിച്ചത് ഏറെ ശ്രദ്ധേയമായ ഒരു സംഗമമായി മാറി. ഖുൻഫുദ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഖുൻഫുദ പ്രവാസികളുടെ സമ്പൂർണ്ണ സംഗമവും ഖുൻഫുദയിലെ ആദ്യ കാല പ്രവാസി കാരണവൻമാരെ ആദരിക്കൽ ചടങ്ങും നടന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധിയായിരുന്ന പരേതനായ എ.വി.അബ്ദുഹാജി നഗറിൽ തലപ്പാറ ശാദി ഓഡിറ്റോറിയത്തിലാണ് സംഗമവും ആദരിക്കലും നടന്നത്.
1979 ൽ സൗദിയിലെ ഉൾഗ്രാമമായ ഖുൻഫുദയിൽ എത്തി കഠിനമായ ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് ജോലി ചെയ്തവർ തങ്ങളുടെ ആദ്യകാല ജീവിതാനുഭവങ്ങൾ പങ്കു വെച്ചത് പുതു തലമുറയിലെ ഖുൻഫുദ പ്രവാസികൾക്ക് വേറിട്ടനുഭവമായി മാറി. ഇലക്ട്രിക് സിറ്റി സൗകര്യങ്ങൾ ഇല്ലാത്ത കാലത്ത് കഠിനമായ ചൂടിൽ രാത്രി റൂമുകളിൽ കിടക്കാതെ ചൂടകറ്റാൻ കടൽ തീരങ്ങളിൽ പോയി അന്തിയുറങ്ങിയത് വിവരിച്ചപ്പോൾ പലരുടെയും കൺഠമിടറി. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ആദ്യ കാല പ്രവാസികൾ അനുഭവിച്ച ത്യാഗ പൂർണ്ണമായ പ്രവാസ ജീവിതാനുഭവങ്ങൾ കരളലിയിപ്പിക്കുന്നതായിരുന്നു . നിരവധി വർഷങ്ങൾക്ക് മുമ്പ് പ്രവാസം മതിയാക്കി പിരിഞ്ഞവരും ഇപ്പോൾ പ്രവാസം നയിക്കുന്നവരുമായ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുനൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു.
ചടങ്ങിൽ സി.എച്ച്.അലി ഉച്ചാരക്കടവ് അദ്ധ്യക്ഷ്യം വഹിച്ചു. 1979ൽ ഖുൻഫുദയിലെത്തിയ ആദ്യകാല പ്രവാസി മംഗലശ്ശേരി ഹസ്സൻ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. അബുഹാജി കൊടുവള്ളി, അബ്ദുറസാഖ് പറളി, സേവ്യർ എറണാങ്കുളം, ഓമനക്കുട്ടൻ തിരുവല്ല, ശങ്കർ തിരുവനന്തപുരം എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി കോയാമുട്ടി ഹാജി കളിയാട്ടമുക്ക് സ്വാഗതവും സ്വാഗത സംഘം കൺവീനർ സി.എച്ച്. മജീദ് തിരൂരങ്ങാടി നന്ദിയും പറഞ്ഞു. ഖുൻഫുദയിലെ ആദ്യ കാല പ്രവാസികളായ
കെ.പി.കുഞ്ഞമ്മദാജി ഉള്ളണം, എം.ഹസ്സൻ ഹാജി കളിയാട്ട മുക്ക് , കാരി ബാപ്പുട്ടി ഹാജി കൊണ്ടോട്ടി , കെ.ടി.അബ്ദുറഹ്മാൻ തിരൂരങ്ങാടി , പി.എസ്.മുഹമ്മദ് കുട്ടി തിരൂർ, അബ്ദു റസാഖ് പറളി, അബു ഹാജി കൊടുവള്ളി, ചെമ്പൻ അബ്ദുൽ മജീദ് തിരൂരങ്ങാടി , അരിക്കൻ അബ്ദുസ്സമദ് കുറ്റൂർ, പി.ആർ. ഹംസ പരപ്പനങ്ങാടി , സയ്യിദ് അബു തങ്ങൾ പെരിന്തൽമണ്ണ, ഉപ്പു കോടൻ അലി പെരിന്തൽമണ്ണ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മുഹമ്മദ് കൊടുവള്ളി, സിംല മജീദ് കൊടുവള്ളി, ഖാദർ ഹാജി ഉള്ളണം, ഖാദർ ചെറുതുരുത്തി,അബൂബക്കർ പന്താരങ്ങാടി, എ.വി. സലാം ഹാജി മൂന്നിയൂർ, എം.പി. ഗഫൂർ ആലിൻചുവട് , യാറ ശംസു, എന്നിവർ നേത്രത്വം നൽകി. റഹീം കൊടുവള്ളി, ഉവൈസ് കൊടുവള്ളി എന്നിവർ ഗാന വിരുന്ന് ഒരുക്കി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

إرسال تعليق
Thanks