കോട്ടക്കൽ: വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ കോട്ടക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു. കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് അയൽ സ്കൂളിലെ ഒരു സംഘം വിദ്യാർത്ഥികളിൽ നിന്ന് മർദനമേറ്റത്.
കഴിഞ്ഞ അഞ്ചാം തീയതി കോട്ടക്കൽ ചങ്കുവെട്ടിയിലെ ഒരു ഹോട്ടൽ പാർക്കിങ്ങിൽ വെച്ചായിരുന്നു സംഭവം. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞതും പരാതി നൽകിയതും.
ബൈക്കിന്റെ സ്പെയർ പാർട്സ് വാങ്ങാനെത്തിയ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തിയ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. നിലത്തുവീണ കുട്ടിയെ ചവിട്ടുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സ്വന്തം സ്കൂളിനെപ്പറ്റി മോശമായി പറയിപ്പിക്കാനും അക്രമികളുടെ സ്കൂളിനോട് മാപ്പ് പറയിപ്പിക്കാനും വേണ്ടിയായിരുന്നു മർദനമെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
മർദനമേറ്റ കുട്ടി ഭയം കാരണം വിവരം വീട്ടിൽ അറിയിച്ചിരുന്നില്ല. ദിവസങ്ങളോളം വേദനസംഹാരികൾ കഴിച്ചും മരുന്ന് പുരട്ടിയും വേദന സഹിച്ചു കഴിയുകയായിരുന്നു. എന്നാൽ ബുധനാഴ്ച അക്രമികൾ തന്നെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു.
പോലീസ് സഹായത്തോടെ അക്രമികളെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. പഠനത്തിൽ മിടുക്കനായ തന്റെ മകന് നീതി ലഭിക്കണമെന്നും ക്രൂരമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. പ്രതികളായ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ്.
Post a Comment
Thanks