ദേശീയപാത തകര്‍ന്ന സംഭവം; നിര്‍മ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം


കൊല്ലം: കൊട്ടിയത്ത് ദേശീയപാത 66 ന്റെ ഭിത്തി ഇടിയുകയും റോഡ് തകരുകയും ചെയ്ത സംഭവത്തില്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. നിര്‍മ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി. ദേശീയ പാത ടെണ്ടറുകളില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക്. നിര്‍മ്മാണ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താതിരിക്കാന്‍ കാരണം അറിയിക്കണം. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.


ദേശീയ പാത തകര്‍ന്നത് സര്‍ക്കാരിന്റെ പിടലിക്കിടേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

'കേരള സര്‍ക്കാരിന്റെ തലയിലിടാന്‍ ഒരു വഴിയുമില്ല. ദേശീയപാതയുടെ എല്ലാ കാര്യങ്ങളും നിര്‍വ്വഹിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. അതിന് കൃത്യമായ സംവിധാനമുണ്ട്. ആ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് നമ്മുടെ നാട്ടിലെ അനുഭവം. അതാണ് അതോറിറ്റിയെ ചൂണ്ടിക്കാട്ടുന്നത്', മുഖ്യമന്ത്രി പറഞ്ഞു.


റോഡ് നിര്‍മ്മിക്കുമ്പോള്‍ അതിൻ്റെ ഡിസൈന്‍ മുതല്‍ നിര്‍വഹിക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. ദേശീയ പാതയുടെ കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഒരിടത്തെ പ്രശ്‌നം കണ്ട് ദേശീയപാത ആകെ തകരാറിലായി എന്ന് കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മൈലക്കാട് പാലത്തിന് സമീപം അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട് ദേശീയപാത ഇടിഞ്ഞുവീഴുകയായിരുന്നു. ഈസമയം സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാഹനം അടക്കമുള്ള നിരവധി വാഹനങ്ങളുണ്ടായിരുന്നു. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു

.

Post a Comment

Thanks

Previous Post Next Post