മലപ്പുറത്ത് 130 കോടിയുടെ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ്; 1 ലക്ഷം മുതല്‍ 1.5 കോടി വരെ നഷ്ടപ്പെട്ടതായി നിക്ഷേപകര

 


മലപ്പുറം: എ.ഡി സൂപ്പർമാർക്കറ്റ് ശൃംഖലയുടെ പേരില്‍ മലപ്പുറത്ത് കോടികളുടെ തട്ടിപ്പ്. 500ലധികം പേരില്‍ നിന്നായി 130 കോടിയോളം രൂപ തട്ടിയെടുത്ത് തിരൂർ സ്വദേശി ജയചന്ദ്രൻ മുങ്ങിയതായാണ് പരാതി.വ്യത്യസ്ത പ്ലാനുകള്‍ അവതരിപ്പിച്ച്‌ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാധാരണക്കാരില്‍ നിന്നടക്കം പണം തട്ടിയെടുത്താണ് പ്രതി മുങ്ങിയത്.


ഇന്നെവിറ്റബിള്‍ മാർക്കറ്റിംഗ് ലിമിറ്റഡ് എന്ന പേരില്‍ ബെംഗളൂരുവില്‍ രജിസ്റ്റർ ചെയ്ത കമ്ബനി. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രധാന നഗരങ്ങളില്‍ കമ്ബനിയുടെ നിയന്ത്രണത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍. എ.ഡി സൂപ്പർ മാർക്കറ്റ്, എ.ഡി ഹൈപ്പർ മാർക്കറ്റ്, എ.ഡി ഫർണീച്ചർ, എ.ഡി ടെക്സ്റ്റൈല്‍സ് തുടങ്ങി 22ലധികം വ്യാപാര സ്ഥാപനങ്ങള്‍. ഇതു വഴിയായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 25,000 രൂപ പ്രതിവർഷം ലാഭം വാഗ്ദാനം. സാധാരണക്കാരില്‍ നിന്ന് നിക്ഷേപം കണ്ടെത്താൻ വൻതുക കമ്മീഷൻ പറ്റുന്ന നാട്ടുകാരായ ഏജൻ്റുമാർ. ഈ ഏജൻ്റുമാർ പിന്നീട് കമ്ബനിയുടെ ഡയറക്ടർമാരാകുന്നു.


20 കോടി സമാഹരിച്ചു നല്‍കി എല്ലാം നഷ്ടപ്പെട്ട റംഷാദ് പറയും തട്ടിപ്പിൻ്റെ കഥ. ഉത്പന്നങ്ങളിലൂടെ ആയിരുന്നു ആദ്യം ഇത്തരത്തില്‍ തുടങ്ങിയത്. ഭക്ഷണക്കിറ്റ് വിറ്റ് കഴിഞ്ഞാല്‍ കമ്മീഷൻ നല്‍കുന്ന രീതിയായിരുന്നു ആദ്യം. 2023 മാർച്ചോട് കൂടിയാണ് തങ്ങളില്‍ കുറച്ച്‌ പേർ ഡയറക്ടർ ബോർഡിലേക്ക് വന്നത്. ഏകദേശം ഏഴ് മാസത്തോളം കഴിയുമ്ബോള്‍ തന്നെ കമ്ബനി പൂട്ടാനുള്ള പദ്ധതികള്‍ ജയചന്ദ്രൻ ആസൂത്രണം ചെയ്തിരുന്നു. തൻ്റെ ടീമിലൂടെ മാത്രം 20 കോടിയോളം ഈ കമ്ബനിയിലേക്ക് വന്നിട്ടുണ്ടെന്നും റംഷാദ് പറയുന്നു.


ഒരുപാട് കമ്ബനികള്‍ സമാനമായി രൂപീകരിച്ച്‌ പ്രോഡക്‌ട് സെല്‍, ഇ-കൊമേഴ്സ് എന്നൊക്കെ പറഞ്ഞാണ് ആളുകളെ ചേർക്കുന്നതെന്നും 12 കോടി സമാഹരിച്ച്‌ നല്‍കിയ ഷറഫലി പറയുന്നു. മൂന്നര കോടി നിക്ഷേപത്തിനു പുറമെ വീടിൻ്റെ ആധാരം പണയപ്പെടുത്തി 10 ലക്ഷം രൂപ കൂടി നല്‍കി വഞ്ചിക്കപ്പെട്ടയാളാണ് മൂസ. മുഖ്യമന്ത്രിക്കും പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടും തട്ടിപ്പിനു നേതൃത്വം നല്‍കിയ ജയചന്ദ്രനെതിരെ ഒരു നടപടിയും എടുത്തില്ലെന്നാണ് പണം നഷ്ടപ്പെട്ടവരുടെ പരാതി.

Post a Comment

Thanks

أحدث أقدم