സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങും. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അപേക്ഷകൾ സമർപ്പിക്കണം.
ചോദ്യം: പദ്ധതി എന്താണ്?
ഉത്തരം: കേരള സർക്കാർ ആവിഷ്കരിച്ച സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ അർഹരായ സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം ₹1000 ധനസഹായം നൽകുന്നതാണ്.
ചോദ്യം: അപേക്ഷ സ്വീകരിക്കുന്നത് എപ്പോൾ മുതൽ?
ഉത്തരം: ഇന്ന് മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും.
ചോദ്യം: ആർക്കാണ് ഈ പദ്ധതിക്ക് അപേക്ഷിക്കാനാകുക?
ഉത്തരം:
∙ കേരളത്തിൽ സ്ഥിരതാമസമുള്ളവർ
∙ 35 മുതൽ 60 വയസ് വരെ പ്രായമുള്ള സ്ത്രീകൾ
∙ ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർ
∙ അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) അല്ലെങ്കിൽ മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) ഉള്ളവർ
∙ നിലവിൽ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്തവർ
ചോദ്യം: ആർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തത്?
ഉത്തരം:
n∙ വിധവാ പെൻഷൻ
∙ അവിവാഹിത പെൻഷൻ
∙ വികലാംഗ പെൻഷൻ
∙ വിവിധ സർവീസ് പെൻഷനുകൾ
y∙ കുടുംബ പെൻഷൻ
∙ ഇപിഎഫ് പെൻഷൻ
d∙ കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസിലോ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർ
ചോദ്യം: എങ്ങനെ അപേക്ഷിക്കണം?
ഉത്തരം: ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കണം.
ചോദ്യം: പ്രായം തെളിയിക്കാൻ ഏത് രേഖകൾ സ്വീകരിക്കും?
ഉത്തരം: താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്ന്:
∙ ജനന സർട്ടിഫിക്കറ്റ്
∙ സ്കൂൾ സർട്ടിഫിക്കറ്റ്
∙ ഡ്രൈവിങ് ലൈസൻസ്
∙ പാസ്‌പോർട്ട്
∙ ഇവ ലഭ്യമല്ലെങ്കിൽ മെഡിക്കൽ ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.
ചോദ്യം: അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കെ?
ഉത്തരം:
∙ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
∙ IFSC കോഡ്
∙ ആധാർ നമ്പർ
∙ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന
ചോദ്യം: ആനുകൂല്യം തുടർന്നും ലഭിക്കാൻ എന്തെങ്കിലും നിബന്ധനകളുണ്ടോ?
ഉത്തരം: എല്ലാ വർഷവും ആധാർ അധിഷ്ഠിത വാർഷിക മസ്റ്ററിങ് നിർബന്ധമാണ്.
ചോദ്യം: ഗുണഭോക്താവ് മരിച്ചാൽ ആനുകൂല്യം അവകാശികൾക്ക് ലഭിക്കുമോ?
ഉത്തരം: ഇല്ല. ഗുണഭോക്താവ് മരിച്ചാൽ ധനസഹായം കൈമാറാനുള്ള വ്യവസ്ഥയില്ല.
ചോദ്യം: ജയിൽ ശിക്ഷ അനുഭവിച്ചാൽ ആനുകൂല്യം ലഭിക്കുമോ?
ഉത്തരം: ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ, റിമാൻഡ് അനുഭവിക്കുന്ന കാലയളവിൽ ധനസഹായം ലഭിക്കില്ല.
ചോദ്യം: തെറ്റായ വിവരങ്ങൾ നൽകിയാൽ എന്ത് നടപടി ഉണ്ടാകും?
ഉത്തരം: തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റിയാൽ 18% പലിശ സഹിതം തുക തിരിച്ചുപിടിക്കും.
Post a Comment
Thanks