കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ ഇപ്പോള്‍ നടക്കുന്ന സി.യു. - എഫ്.വൈ.യു.ജി.പി. ഒന്നാം സെമസ്റ്ററിലെ ചില പരീക്ഷകള്‍ ക്വസ്റ്റ്യന്‍ ബാങ്ക് അധിഷ്ഠിതമാക്കിക്കൊണ്ടുള്ള ഓട്ടോമേറ്റഡ് ക്വസ്റ്റിയന്‍ പേപ്പര്‍ സോഫ്റ്റ്വെയറിന്റെ സാങ്കേതികത യെ ഉപയോഗപ്പെടുത്തി കൊണ്ടാണെന്ന് പരീക്ഷാ സ്ഥിരം സമിതി കണ്‍വീനര്‍ ഡോ. ടി. വസുമതിയും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി. സുനോജ് കുമാറും അറിയിച്ചു. സി.യു.- എഫ്.വൈ.യു.ജി.പി. 2024-ലെ റഗുലേഷനില്‍ പറഞ്ഞിരിക്കുന്ന സുപ്രധാനമായ നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു ക്വസ്റ്റ്യന്‍ ബാങ്ക് അധിഷ്ഠിത പരീക്ഷാ നടത്തിപ്പ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി ചോദ്യക്കടലാസുകള്‍ 'സി.യു. എക്‌സാം സ്യൂട്ട്' സോഫ്റ്റ്വെയര്‍ സംവിധാനത്തിലൂടെ തയ്യാറാക്കി പരീക്ഷകള്‍ ആരംഭിച്ചത്.
കമ്പ്യൂട്ടര്‍ സെന്റര്‍ ഡയറ്കടര്‍ ഡോ. സുസ്മിത ഡേ, അക്കാദമിക്ക് കൗണ്‍സിലംഗവും കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനുമായ ഡോ. ജിജു എം. മാത്യു, സോഫ്റ്റ്വെയര്‍ ടെക്‌നിക്കല്‍ ടീമിലെ മറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപകര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള കോളേജ് അധ്യാപര്‍, സര്‍വകലാശാലാ ജീവനക്കാര്‍ എന്നിവരടങ്ങുന്ന വിദഗ്ധര്‍ മാസങ്ങളോളം പരിശ്രമിച്ചാണ് ചരിത്ര നേട്ടത്തിന് കാലിക്കറ്റ് സര്‍വകലാശാല സാക്ഷ്യം വഹിച്ചത്. വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പരീക്ഷാ സമിതികള്‍, അതത് വിഷയങ്ങളുടെ അംഗീകൃത സിലബസുകളെ മുന്‍നിര്‍ത്തിയാണ് ആയിരത്തോളം അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ക്വസ്റ്റ്യന്‍ ബാങ്കുകള്‍ തയ്യാറാക്കിയത്.
ചോദ്യക്കടലാസ് തയ്യാറാക്കുന്നവര്‍, ഇത് പരിശോധിക്കുന്നവര്‍, കോ-ഓര്‍ഡിനേറ്റര്‍ എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ക്ക് വിധേയമാകുന്ന തരത്തിലാണ് ഓരോ പേപ്പറും 400 വീതം വരുന്ന ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ക്വസ്റ്റ്യന്‍ ബാങ്ക് കമ്മിറ്റി കണ്‍വീനറും സിന്‍ഡിക്കേറ്റംഗവുമായ അഡ്വ. എല്‍.ജി. ലിജീഷ് അറിയിച്ചു. ഇരുപതോളം വരുന്ന അധ്യാപകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ അക്കാദമിക വര്‍ഷം മുതല്‍ ആരംഭിച്ച ക്വസ്റ്റ്യന്‍ ബാങ്ക് പരിശീലന പരിപാടികളിലായാണ് ഓരോ പഠന ബോര്‍ഡും ക്വസ്റ്റ്യന്‍ ബാങ്കിന്റെ സാങ്കേതിക സംവിധാനത്തിലേക്ക് തയ്യാറെടുത്തത്.
ഓരോ പരീക്ഷാ സമിതിയും ഓരോ പേപ്പറിനും 400-ല്‍ കുറയാത്ത ചോദ്യങ്ങള്‍ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള പരിശോധനകള്‍ക്ക് ശേഷം കാലിക്കറ്റ് സര്‍വകലാശാല സ്വന്തം സെര്‍വറിലേക്ക് ശേഖരിച്ച് വെയ്ക്കുന്നതിലൂടെ ക്വസ്റ്റ്യന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകുന്നത്. കാലിക്കറ്റ് സര്‍വകലാശാലയുടെ സെര്‍വറില്‍ സൂക്ഷിച്ച് വെച്ചിരിക്കുന്ന ചോദ്യങ്ങളില്‍ നിന്നാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ പുറത്ത് സേവനം അനുഷ്ഠിക്കുന്ന അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പരീക്ഷാഭവനിലെ കോണ്‍ഫിഡന്‍ഷ്യന്‍ വിങ് മൂന്ന് വീതം ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കുന്നത്. തയ്യാറാ ക്കപ്പെട്ട ചോദ്യപ്പേപ്പറുകള്‍ അധ്യാപകര്‍ സൂക്ഷ്മപരിശോധന നടത്തിയ ശേഷം പരീക്ഷാഭവനില്‍ നിന്ന് കോളേജുകളിലേക്ക് എത്തിക്കുന്നതാണ് ' സി.യു. എക്‌സാം സ്യൂട്ട് ' സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനമെന്ന് ഡോ. ജിജു മാത്യു പറഞ്ഞു. സോഫ്റ്റ്വെയര്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വികസിപ്പിക്കുന്ന ചോദ്യപ്പേപ്പറുകള്‍ ബ്ലൂംസ് ടാക്‌സോണമി, ഔട്ട് കം ബേസ്ഡ് എജ്യുക്കേഷന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ്. ഇതു കൂടാതെ പരീക്ഷകള്‍ ഔട്ട് ഓഫ് സിലബസ് ആണെന്നുള്ള പരാതികള്‍ ഇല്ലാതാകുകയും പരീക്ഷാ നടത്തിപ്പ് വേഗത്തിലാകുകയും ചെയ്യുമെന്നും പരീക്ഷാ കണ്‍ട്രോളറും പരീക്ഷാ സ്ഥിരം സമിതി കണ്‍വീനറും അറിയിച്ചു. വരും സെമസ്റ്ററുകളില്‍ സി.യു.-എഫ്.വൈ.യു.ജി.പി. ഉള്‍പ്പെടെ എല്ലാ പരീക്ഷകളും സോഫ്റ്റ് വെയറിന്റ അടിസ്ഥാനത്തിലാകും നടത്തുക.
إرسال تعليق
Thanks