കോഴിക്കോട്: മുക്കുപണ്ടം പണയം വച്ചും കടം വാങ്ങിയും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി മുങ്ങിയ യുവതി മൂന്ന് വര്‍ഷത്തിന് ശേഷം പിടിയില്‍. ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി മാതൃപ്പിള്ളി വീട്ടില്‍ വര്‍ഷ (30)യാണ് പിടിയിലായത്. 2022 നവംബര്‍ 11നാണ് മരിക്കാന്‍ പോകുകയാണെന്ന് എഴുതി വെച്ച് യുവതി നാടുവിട്ടത്. പിന്നീട് മൂന്ന് വര്‍ഷത്തോളം കാണാമറയത്ത് തുടര്‍ന്ന യുവതിയെ ഒടുവില്‍ പൊലീസ് തൃശൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
226.5 ഗ്രാം മുക്കുപണ്ടങ്ങള്‍ പണയം വെച്ച് ഫറോക്ക് സൗഭാഗ്യ ഫിനാന്‍സിയേഴ്‌സില്‍നിന്ന് 9,10,000 രൂപ കൈക്കലാക്കിയും പലരില്‍നിന്നും വിലിയ തുക കടം വാങ്ങുകയും ചെയ്ത ശേഷമാണ് യുവതി മുങ്ങിയത്. മരിക്കാന്‍ പോകുന്നു എന്ന് എഴുതിപച്ച് ഫറോക്കിലുള്ള വാഴക്കപ്പൊറ്റ വീട്ടില്‍ നിന്നും സ്‌കൂട്ടറെടുത്ത് പോയ യുവതിയെ പിന്നീട് ആരും കണ്ടിട്ടില്ല.
യുവതിയെ കണാനില്ലെന്ന് ഇവരുടെ സഹോദരി ഫറോക്ക് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ഓടിച്ചുപോയ സ്‌കൂട്ടര്‍ അറപ്പുഴ പാലത്തിന് സമീപം കണ്ടെത്തി. ഫോണും സിമ്മും ഉപേക്ഷിക്കുകയും ചെയ്‌രുന്നു. പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
കോഴിക്കോട് സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വിശദമായ അന്വേഷമാണ് യുവതിയുടെ തിരോധാനത്തിന് പിന്നിലെ ചുരുളഴിച്ചത്. സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്റെര്‍നെറ്റ് കോളിലൂടെ യുവതി വീട്ടുകാരുമായി ബന്ധപ്പെടാറുണ്ടെന്ന് തെളിയുകയായിരുന്നു. പിന്നാലെയാണ് തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ കണ്ടത്തിയത്.
പാലത്തിന് സമീപം സ്‌കൂട്ടര്‍ നിര്‍ത്തി പുഴയില്‍ ചാടി മരിച്ചിട്ടുണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആയിരുന്നു യുവതിയുടെ ശ്രമം. ഇതിന് ശേഷം പാലക്കാട്, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതിയെന്നും പൊലീസ് പറയുന്നു.

Post a Comment
Thanks