വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ച കേസ്; റാപ്പർ വേടൻ അറസ്റ്റിൽ


 കൊച്ചി:  വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി, 30) അറസ്റ്റ് രേഖപ്പെടുത്തി തൃക്കാക്കര പൊലീസ്. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി. മുൻകൂർ ജാമ്യമുളളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും

വേടനെ പൊലീസ് ഇന്നലെ ആറു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇന്ന് വീണ്ടും ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ 10നാണ് വേടൻ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായത്. 100 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയാറാക്കിയിരുന്നു. പരാതിയിലെ ആരോപണങ്ങൾ വേടൻ തള്ളിയതായാണ് വിവരം.അതേസമയം, കോടതിയുടെ പരിഗണനയിലുള്ള കേസിനെക്കുറിച്ച് സംസാരിക്കാനില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കേസ് പൂർണമായി തീർന്നശേഷം തന്റെ ഭാഗം പറയാമെന്നും വേടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോട്ടയം സ്വദേശിയാണ് പരാതിക്കാരി. സൗഹൃദം നടിച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹവാഗ്ദാനം നൽകി രണ്ട് വർഷത്തിനിടെ അഞ്ചു തവണ ലൈംഗികമായി പീഡിപ്പിക്കുകയും പാട്ട് പുറത്തിറക്കാനെന്ന പേരിൽ 31,000 രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് ആരോപണം.പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി. ഫ്ളാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്ന ഗവേഷണ വിദ്യാർത്ഥിനിയുടെ പരാതിയിലും വേടനെതിരെ കേസുണ്ട്.

Post a Comment

Thanks

Previous Post Next Post