റോഡിലെ കുണ്ടും കുഴിയും: ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനം


തിരൂർ: റോഡിലെ കുണ്ടും കുഴിയും നികത്താത്തതിനെതിരേ താലൂക്ക് വികസനസമിതിയിൽ ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനം. റോഡിലെ കുഴിയിൽ ഓട്ടോ വീണുണ്ടായ അപകടത്തിൽ ആറുവയസ്സുകാരി മരിച്ച സംഭവമാണ് വിമർശനത്തിനിടയാക്കിയത്. താത്കാലികമായി കുഴിയടച്ച് രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും താലൂക്ക് സഭയിൽ അംഗങ്ങൾ പറഞ്ഞു. മുതിർന്ന അംഗം പി.എ ബാവ അധ്യക്ഷനായി.


ഏഴൂർ പിസി പടി, പയ്യനങ്ങാടി തുടങ്ങിയ ഇടങ്ങളിൽ അതിഥിത്തൊഴിലാളികൾ വ്യാപകമായി മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നെന്നും അംഗങ്ങൾ ഉന്നയിച്ചു. പോലീസും എക്സൈസും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് പരിശോധന നടത്താൻ തീരുമാനമായി.


താലൂക്ക് സഭയിലെത്തുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായി മറുപടിനൽകാൻ കഴിയാത്തതിൽ ഭൂരേഖ തഹസിൽദാർ മോഹനൻ നൂഞ്ഞാടൻ വിമർശനമുന്നയിച്ചു.


കാലവർഷം മാറുന്നതോടെ റോഡിലെ കുഴികളടയ്ക്കുന്നതിൽ ശാശ്വതപരിഹാരം കാണുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ അടച്ചിട്ട സാഹചര്യത്തിൽ നായർതോട് പാലം അടിയന്തരമായി തുറന്നുകൊടുക്കാനും വർഷങ്ങളായി ഉപയോഗശൂന്യമായിക്കിടക്കുന്ന ഏഴൂർ ഹയർസെക്കൻഡറി സ്‌കൂളിലെ സ്‌കൂൾ ബസ് ഉപയോഗപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളാനും രൂക്ഷമായ തെരുവുനായശല്യത്തിന് നടപടിയെടുക്കാനും തെരുവുകച്ചവടം നിയന്ത്രിക്കാനും നടപടി വേണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.


ജൽജീവൻ മിഷൻ കുടിവെള്ളപദ്ധതിയുടെ ടാങ്ക് നിർമാണത്തിന് സ്ഥലമേറ്റെടുത്തിട്ട് വർഷങ്ങളായിട്ടും നിർമാണം നടത്തിയില്ലെന്നും സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ നടക്കുന്ന കൂട്ടത്തല്ലിന് പരിഹാരം വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ചെറിയമുണ്ടം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഐ.വി. അബ്ദുസമദ്, ഡെപ്യൂട്ടി തഹസിൽദാർമാരായ രഞ്ജു മാത്യൂസ്, അമ്പിളി, വ്യാപാരി വ്യവസായി സമിതി പ്രതിനിധി കെ.കെ. ജാഫർ, സി.വി. വിമൽകുമാർ, എ.കെ. സെയ്താലിക്കുട്ടി, എ. ശിവദാസൻ, അഡ്വ. പി. ഹംസക്കുട്ടി, ഇ. അലവിക്കുട്ടി, ജമാൽ ഹാജി, ഷംസു, എം.വി. റെജി, കെ.ടി. പ്രശാന്ത്, പി.വി. ഷറഫുദ്ദീൻ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha