ഏറെ ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഓരോ തവണയും ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ മാതൃകമ്പനിയായ മെറ്റ ഇൻസ്റ്റഗ്രാമിൽ അവതരിപ്പിക്കാറുണ്ട്. ലൈവ് വീഡിയോകളിലുള്ള നിയന്ത്രണമാണ് മെറ്റ ഇൻസ്റ്റഗ്രാമിൽ പുതുതായി അവതരിപ്പിച്ച മാറ്റം. പുതിയ നിയമപ്രകാരം എല്ലാ ഉപയോക്താക്കൾക്കും ഇൻസ്റ്റഗ്രാമിൽ ലൈവ് ചെയ്യാൻ സാധിക്കില്ല. കുറഞ്ഞത് 1,000 ഫോളോവേഴ്‌സുള്ള, പബ്ലിക് അക്കൗണ്ട് ഉള്ളവർക്കുമാത്രമേ ഇൻസ്റ്റഗ്രാമിൽ ഇനി ലൈവ് ചെയ്യാൻ സാധിക്കുള്ളു. ഇതുവരെ, ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്‌സിന്റെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാൻ അനുവാദമുണ്ടായിരുന്നു.
മുമ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കും ലൈവ് സ്ട്രീമിങ്ങിന് 1,000 ഫോളോവേഴ്‌സ് എന്ന നിബന്ധന വച്ചിരുന്നു. നിശ്ചിത എണ്ണം ഫോളോവേഴ്സ് ഇല്ലാത്തവർക്ക് ലൈവ് ചെയ്യാനുള്ള ഓപ്ഷൻ സെലക്ട് ചെയ്യുമ്പോൾ ഫീച്ചർ ഇനി ലഭ്യമല്ലെന്ന് വ്യക്തമാക്കുന്ന ഒരു പ്രോംപ്റ്റ് കാണാനാകും. യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ 50 സബ്‌സ്‌ക്രൈബർമാരിൽ താഴെയുള്ള ഉപയോക്താക്കളെ വരെ ലൈവ് ചെയ്യാൻ അനുവദിക്കുന്നുണ്ട്. മാറ്റത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇൻസ്റ്റാഗ്രാം വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റിനെപ്പറ്റി മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ ഉയർന്നുവരുന്നത്. ചെറിയ ക്രിയേറ്റർമാരെയും സുഹൃത്തുക്കളോടൊപ്പം ലൈവ് സ്ട്രീമിംഗ് ആസ്വദിക്കുന്ന ദൈനംദിന ഉപയോക്താക്കളെയും പുതിയ അപ്ഡേഷൻ ബാധിക്കുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ആളുകളെ ബോട്ട് ഫാമുകളിൽ നിന്ന് നൂറുകണക്കിന് ഡോളറിന് ഫോളോവേഴ്‌സിനെ വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്ന തീരുമാനമാണ് മെറ്റയുടേതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
Post a Comment
Thanks