അമീബിക് മസ്തിഷ്കജ്വരം; വെള്ളത്തിലൂടെ മാത്രമല്ല ശ്വസനത്തിലൂടെയും പൊടിയിലൂടെയും പകരാം, വേണം ജാ​ഗ്രത


 കോഴിക്കോട് |  ജലത്തിലൂടെ പകരുന്ന രോഗമെന്നാണ് പരമ്പരാഗതമായി അമീബിക് മസ്തിഷ്കജ്വരം കരുതപ്പെട്ടിരുന്നത്. എന്നാൽ, ശ്വസനത്തിലൂടെയും ശരീരത്തിൽ കടന്നേക്കാവുന്ന പൊടി, മണ്ണ്, ചെളി എന്നിവയിലൂടെയും രോഗംപകരാമെന്ന് വിദഗ്‌ധഡോക്ടർമാർ പറയുന്നു. പരാദത്തിന്റെ അംശങ്ങളോ ഭാഗങ്ങളോ മണ്ണിലൂടെയോ പൊടിപടലങ്ങളിലൂടെയോ ശരീരത്തിലെത്താം. അമീബയുടെ പുതിയവകഭേദങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. ശ്വസനത്തിലൂടെപ്പോലും അപകടകരമായ അമീബകൾ ശരീരത്തിലെത്താം.


സിസ്റ്റ്, ട്രോഫോസോയിറ്റ്, ഫ്ളെജെലൈറ്റ് രൂപങ്ങളിലും പകരാം. ഒഴുക്കില്ലാത്തവെള്ളത്തിൽ കുളിക്കുമ്പോഴും കെട്ടിക്കിടക്കുന്ന ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളമുള്ള സ്വിമ്മിങ്പൂളിൽ കുളിക്കുമ്പോഴും മറ്റും മാത്രമാണ് രോഗംപകരുന്നതെന്ന പരമ്പരാഗതധാരണ തിരുത്തപ്പെടുകയാണിപ്പോൾ.


നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബവിഭാഗങ്ങളിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരമുണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്തപാളിയിലുള്ള സുഷിരങ്ങളിലൂടെയോ കർണപുടത്തിലുണ്ടാകുന്ന സുഷിരംവഴിയോ അമീബ തലച്ചോറിലേക്കുകടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയുംചെയ്യുന്നു. പ്രതികൂലസാഹചര്യങ്ങളിൽപ്പോലും ഈ അമീബ നിലനിൽക്കും. ചൂട്, അണുനാശിനി, അൾട്രാവയലറ്റ് രശ്മികൾ എന്നിവയെപ്പോലും ഇവ തോൽപ്പിക്കും, അതിജീവിക്കും.


വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയുംചെയ്യുന്നു. അണുബാധയുണ്ടായാൽ ഒന്നുമുതൽ ഒൻപത്‌ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. നേരത്തേ ചികിത്സിച്ചാൽ രോഗം ഭേദമാകാനുള്ള സാധ്യതയും കൂടുതലാണ്.


ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാൾക്കുകൂടി ഇന്നലെ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. വയനാട് നടവയൽ സ്വദേശിക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

Post a Comment

Thanks

أحدث أقدم