എൽപിജി ടാങ്കർ ലോറി പൊട്ടിത്തെറിച്ച് ഏഴ് മരണം; 15 പേർക്ക് പരുക്ക്


പഞ്ചാബിലെ ഹോഷിയാർപൂർ – ജലന്ധർ റോഡിൽ മാണ്ഡിയാല അഡ്ഡയ്ക്ക് സമീപം ശനിയാഴ്ച രാത്രി പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം.അപകടത്തിൽ 15 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ലോറി ഡ്രൈവറായിരുന്ന സുഖ്ജീത് സിംഗ്, ബൽവന്ത് റായ്, ധർമേന്ദർ വർമ്മ, മഞ്ജിത് സിംഗ്, വിജയ്, ജസ്വീന്ദർ കൗർ, ആരാധന വർമ്മ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആരാധന വർമ്മ ആശുപത്രിയിലേക്കുള്ള വ‍ഴിമധ്യേയാണ് മരിച്ചത്,


രാംനഗർ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കർ പിക്കപ്പ് ട്രക്കിൽ ഇടിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബൽവന്ത് സിംഗ് (55), ഹർബൻസ് ലാൽ (60), അമർജീത് കൗർ (50), സുഖ്ജീത് കൗർ, ജ്യോതി, സുമൻ, ഗുർമുഖ് സിംഗ്, ഹർപ്രീത് കൗർ, കുസുമ, ഭഗവാൻ ദാസ്, ലാലി വർമ, സീത, അജയ്, സഞ്ജയ്, രാഘവ്, പൂജ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ ചിലർ ഇതിനകം ആശുപത്രി വിട്ടതായി പൊലീസ് പറഞ്ഞു.

അപകടത്തിൽ മരിച്ചവർക്ക് പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കട്ടാരിയ, മുഖ്യമന്ത്രി ഭഗവന്ത് മാൻ, മന്ത്രിമാർ, വിവിധ രാഷ്ട്രീയ നേതാക്കന്മാർ അടക്കമുള്ളവർ അനുശോചനം അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم