കോഴിക്കോട്-വയനാട് തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഈമാസം 31-ന് മുഖ്യമന്ത്രി നിര്‍വഹിക്കും

 


  തിരുവനന്തപുരം |  കോഴിക്കോട്-വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്കപാത നിര്‍മാണ പ്രവൃത്തി ഈമാസം 31-ന് ഉദ്ഘാടനം ചെയ്യും. പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേയസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ഓഗസ്റ്റ് 31-ന് വൈകുന്നേരമാണ് ഉദ്ഘാടനം നടക്കുക.


കോഴിക്കോട് ജില്ലയിലെ ആനക്കാംപെയിലില്‍നിന്ന് 22 കിലോമീറ്റര്‍ യാത്രചെയ്താല്‍ വയനാട്ടിലെ മേപ്പാടിയിലെത്താന്‍ സഹായിക്കുന്നതാണ് നാലുവരി തുരങ്കപാത. താമരശ്ശേരി ചുരത്തിന് ബദലായുള്ള തുരങ്കപാത പൂര്‍ത്തിയാകുന്നതോടെ വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രദുരിതത്തിന് വിരാമമാകും. വിനോദസഞ്ചാര മേഖലയ്ക്കും പാത പുത്തന്‍ ഉണര്‍വേകും.


താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കുകളും മണ്ണിടിച്ചിലും മറ്റും കൊണ്ടുണ്ടാകുന്ന അപകടങ്ങളും പതിവാണ്. വനപാതയായതിനാല്‍ ചുരം പാതയുടെ വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികള്‍ നടത്തുന്നതിനും വലിയ പരിമിതികളുള്ളതിനാല്‍ ഈ സാഹചര്യങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല. ഇതിനുള്ള ശാശ്വതമായ പരിഹാരം എന്ന നിലയിലാണ് തുരങ്കപാതയെ വിഭാവനം ചെയ്തിരിക്കുന്നത്.


പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കണ്‍ റെയില്‍വേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് നിര്‍മാണം നടക്കുക. പദ്ധതിക്കുള്ള ടെണ്ടര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. ഭോപ്പാലിലുള്ള ദിലിപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്തയിലുള്ള റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികളാണ് കരാര്‍ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. നിര്‍മാണം തുടങ്ങി മൂന്നുവര്‍ഷത്തിനകം തുരങ്കപാത പൂര്‍ത്തിയാക്കാനാണ് ലക്ഷ്യംവെക്കുന്നത്.


തുരങ്കപാതയ്ക്ക് മേയ് മാസത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതിയുടെ അനുമതി ലഭിച്ചിരുന്നു. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നല്‍കിയത്. പശ്ചിമമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാത ജൈവവൈവിധ്യ സമ്പന്നമാണ്. സംരക്ഷണ പട്ടികയിലുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് വിദഗ്ധസമിതി നിര്‍ദേശംനല്‍കിയിട്ടുണ്ട്

Post a Comment

Thanks

Previous Post Next Post
Moonniyur Vartha