വാഹന പരിശോധനയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങുന്ന ഒരു നിയമലംഘനമാണ് കാലാവധി കഴിഞ്ഞ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നത്. ഈ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ പോകുമ്പോഴുള്ള പൊല്ലാപ്പുകളും സമീപകാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. എന്നാല്‍, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പോലീസ് പിടിച്ചാലുള്ള പിഴയും ഇത് പത്തില്‍ ഒന്നായി കുറയ്ക്കുന്നതിനുള്ള വിദ്യയും പോലീസുകാര്‍ തന്നെ പറഞ്ഞു തരികയാണ് കെപി ടോക്‌സ് എന്ന വീഡിയോ പരമ്പരിയിലൂടെ.
നിയമം അനുസരിച്ച് വാഹനത്തിന് സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപയാണ് പിഴ. ഈ പിഴ തുകയ്ക്ക് ചെല്ലാന്‍ തന്നാല്‍ പോലും ഇത് 250 രൂപയായി കുറയ്ക്കാനും വഴിയുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ലഭിച്ചാല്‍ എത്രയും പെട്ടെന്ന് തന്നെ ഈ സര്‍ട്ടിഫിക്കറ്റ് എടുക്കുക. ഏഴ് ദിവസത്തിനകം പിഴയിട്ട ഉദ്യോഗസ്ഥന് മുന്നില്‍ ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധിച്ചാല്‍ പിഴ 2000-ത്തില്‍ നിന്ന് 250 ആയി കുറയുമെന്നാണ് പോലീസ് പറയുന്നത്.
കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിലാണ് ഈ വ്യവസ്ഥയുള്ളത്. വാഹനം പരിശോധിക്കുന്ന സമയത്ത് പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏഴു ദിവസത്തെ സാവകാശം അനുവദിക്കണം. നിലവില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഏഴുദിവസത്തിനുള്ളില്‍ പരിശോധന നടത്തി ഹാജരാക്കിയാലും മതി. പുകപരിശോധന ഓണ്‍ലൈനായതിനാല്‍ സര്‍ട്ടിഫിക്കറ്റ് 'വാഹന്‍' വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെടും. ഇതിനുശേഷം ഉദ്യോഗസ്ഥരെ സമീപിച്ച് പിഴ കുറയ്ക്കാന്‍ ആവശ്യപ്പെടാം.
പരിശോധനാവേളയില്‍ സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തതിന് 250 രൂപയായി പിഴ ചുരുക്കും. ഏഴുദിവസത്തിനുള്ളിലും പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ 2000 രൂപ പിഴ നല്‍കേണ്ടിവരും. മലിനീകരണവ്യവസ്ഥകള്‍ പാലിക്കാത്ത വാഹനം നിരത്തിലിറക്കിയാല്‍ പിഴ ചുമത്താന്‍ മാത്രമല്ല, രജിസ്ട്രേഷന്‍ റദ്ദാക്കാനും വ്യവസ്ഥയുണ്ട്. എന്നാല്‍, ഇതിന് പകരം പിഴ ചുമത്തി കേസ് അവസാനിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളാണെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കാനും കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിലെ സെക്ഷന്‍ 190 (2) ല്‍ വ്യവസ്ഥയുണ്ട്.
Post a Comment
Thanks