വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കല്‍; ജില്ലയില്‍ ലഭിച്ചത് 1,65,348 അപേക്ഷകള്‍; മറ്റന്നാൾ വരെ അപേക്ഷ നൽകാം..!


തദ്ദേശ തിരഞ്ഞെടുപ്പിലേയ്ക്കുള്ള വോട്ടർ പട്ടികയില്‍ പേരു ചേർക്കുന്നതിനായി മലപ്പുറം ജില്ലയില്‍ നിന്നും 1,65,348 അപേക്ഷകള്‍ ഇന്നലെ വരെ ലഭിച്ചു. തിരുത്തല്‍ വരുത്താനായി 747, വാർഡ് മാറ്റത്തിനായി 10,398, ഒഴിവാക്കാനുള്ളവ 35, ആക്ഷേപമുള്ളവ 8,004 എന്നിങ്ങനെയും അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.


പേര് ചേർക്കുന്നതിനും പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും ഒരു വാർഡില്‍ നിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്‌റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുളള അപേക്ഷകള്‍ നല്‍കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ഏഴ് ആണ്.


കമ്മീഷന്റെ https://sec.kerala.gov.in/ എന്ന വെബ്‌സൈറ്റിലാണ് അപേക്ഷകള്‍ നല്‍കേണ്ടത്.


2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയില്‍ പേരു ചേർക്കുന്നതിനായി അപേക്ഷിക്കാം. പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിന് ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ഇ.ആർ.ഒയ്ക്ക് ലഭ്യമാക്കണം.


ഫോം അഞ്ചിലെ ആക്ഷേപം നേരിട്ടോ തപാലിലൂടെയോ നല്‍കാം. വിവിധ ജില്ലകളില്‍ നിന്നായി 12,41,134 അപേക്ഷകളാണ് സംസ്ഥാനത്ത് ആകെ ലഭിച്ചത്.


വാർഡ് പുനർവിഭജനത്തെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളില്‍ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനഃക്രമീകരിച്ചത്.


നിലവിലെ വോട്ടർപട്ടിക പുതിയ വാർഡുകളില്‍ പുനഃക്രമീകരിച്ചതില്‍ പിശക് മൂലം വാർഡോ പോളിംഗ് സ്‌റ്റേഷനോ മാറിയിട്ടുണ്ടെങ്കില്‍ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് ഇലക്‌ട്രറല്‍ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കമ്മിഷൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്

Post a Comment

Thanks

أحدث أقدم
Moonniyur Vartha