കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ജോൺ ഷിനോജിന്


  തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജിനാണ്. എറണാകുളം ചെറായിയില്‍ ഹരികൃഷ്ണനാണ് രണ്ടാം റാങ്ക്.


പ്രവേശന പരീക്ഷ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ക്ക് ഏകീകരണ രീതിക്ക് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രഖ്യാപിച്ചത്.


കീം ഫലം എങ്ങനെ പരിശോധിക്കാം

ഫലം പ്രഖ്യാപിച്ചാല്‍ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി ഫലം പരിശോധിക്കാം.


cee.kerala.gov.in ആയ ഒഫിഷ്യല്‍ വെബ്സൈറ്റില്‍ കയറുക.

കീം കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ കയറിയതിന് ശേഷം ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ആക്സസ് (ലോഗിന്‍) ചെയ്യുക.


കീം 2025 റിസള്‍ട്ട് എന്ന പേരില്‍ പുതിയ പോര്‍ട്ടല്‍ വരുന്നതായിരിക്കും. അതില്‍ റിസള്‍ട്ട് അറിയാന്‍ സാധിക്കും.

ശേഷം അത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

നീറ്റ് പരീക്ഷാഫലം വന്നിട്ടും കീം ഫലം വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലായിരുന്നു. അതിനിടെ പ്ലസ്ടുവിനും എന്‍ട്രന്‍സ് പരീക്ഷയ്ക്കും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന സംസ്ഥാന സിലബസിലെ കുട്ടികള്‍ക്കുപോലും പ്രവേശന പരീക്ഷയില്‍ മുന്നിലെത്താനാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫോര്‍മുല പരിഷ്‌കരിച്ചത്. സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധരും ഐഐടി പ്രഫസര്‍മാരും അടങ്ങിയ നാലംഗസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചു പ്രവേശന പരീക്ഷാ കമ്മിഷണര്‍ കൈമാറിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനമെടുത്തത്.


പുതിയ ഏകീകരണ രീതി

പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് (കെമിസ്ട്രി പഠിക്കാത്തവര്‍ക്ക്, പകരം പഠിച്ച കംപ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി/ ബയോളജി) വിഷയങ്ങള്‍ക്ക് ഓരോ പരീക്ഷാ ബോര്‍ഡിലും ലഭിച്ച ഉയര്‍ന്ന മാര്‍ക്ക് എടുക്കും. സംസ്ഥാന ബോര്‍ഡില്‍ ഈ വിഷയങ്ങളിലെ ഉയര്‍ന്ന മാര്‍ക്ക് 100 ഉം സിബിഎസ്ഇ പോലുള്ള ഇതര ബോര്‍ഡുകളിലൊന്നില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 95ഉം ആണെങ്കില്‍ ഇവ രണ്ടും 100 മാര്‍ക്കായി പരിഗണിക്കും. 95 ഉയര്‍ന്ന മാര്‍ക്ക് നല്‍കിയ ബോര്‍ഡിനു കീഴില്‍ പരീക്ഷയെഴുതിയ കുട്ടിക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ചത് 70 മാര്‍ക്കാണെങ്കില്‍ ഇത് നൂറിലേക്കു മാറ്റും. ഇതുവഴി 70 മാര്‍ക്ക് 73.68 ആയി മാറും. എന്‍ജിനീയറിങ് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുന്ന 3 വിഷയങ്ങളുടെയും മാര്‍ക്ക് ഈ രീതിയില്‍ ഏകീകരിച്ച് മൊത്തം മാര്‍ക്ക് 300ല്‍ കണക്കാക്കും.


ഏകീകരണത്തിലൂടെ ഓരോ വിഷയങ്ങള്‍ക്കും ലഭിച്ച മാര്‍ക്ക് 5:3:2 അനുപാതത്തിലായിരിക്കും റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുക. 3 വിഷയങ്ങള്‍ക്കുമായി ആകെയുള്ള 300 മാര്‍ക്കില്‍ മാത്സിന് 150 മാര്‍ക്കിന്റെയും ഫിസിക്‌സിന് 90 മാര്‍ക്കിന്റെയും കെമിസ്ട്രിക്ക് 60 മാര്‍ക്കിന്റെയും വെയ്‌റ്റേജിലായിരിക്കും പരിഗണിക്കുക.


വ്യത്യസ്ത വര്‍ഷങ്ങളില്‍ പ്ലസ്ടു പരീക്ഷ പാസ്സായവരുടെ മാര്‍ക്ക് വ്യത്യസ്ത രീതിയില്‍ തന്നെ കണക്കിലെടുക്കും. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥി നേടുന്ന നോര്‍മലൈസ് ചെയ്ത സ്‌കോര്‍ മുന്നൂറിലായിരിക്കും കണക്കിലെടുക്കുക. പ്ലസ്ടു പരീക്ഷയിലെ സമീകരിച്ച മുന്നൂറിലുള്ള മാര്‍ക്കും പ്രവേശന പരീക്ഷയിലെ നോര്‍മലൈസ് ചെയ്ത മുന്നൂറിലുള്ള സ്‌കോറും ചേര്‍ത്ത് 600 ഇന്‍ഡെക്‌സ് മാര്‍ക്കില്‍ ആയിരിക്കും എന്‍ജിനീയറിങ് റാങ്ക് പട്ടികയ്ക്കുള്ള സ്‌കോര്‍ നിശ്ചയിക്കുക.


എ,ബി,സി പോലെ ഗ്രേഡ് ആയി ഫലം പ്രസിദ്ധീകരിക്കുന്ന പരീക്ഷാ ബോര്‍ഡുകളുണ്ടെങ്കില്‍ കുട്ടികള്‍ അവിടെനിന്ന് മാര്‍ക്ക് ലിസ്റ്റ് വാങ്ങി സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ തീരുമാനമെടുക്കും.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha