ഇരുചക്രവാഹന യാത്രക്കാരായ കുട്ടികൾക്ക് ചൈൽഡ് ഹെൽമെറ്റും സുരക്ഷാ ബെൽറ്റും നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. പിന്നാലെ കാറിൽ ചൈൽഡ് സീറ്റും നിർബന്ധമാക്കും.
കുട്ടികൾ ഹെൽമെറ്റ് ധരിക്കുന്നത് ശീലമാക്കി തുടങ്ങിയിട്ടുണ്ട്. സുരക്ഷാ ബെൽറ്റ് ധരിപ്പിച്ച് കുട്ടികളെ കൊണ്ടു പോകുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കുട്ടികൾ ഉറങ്ങിയാലും അപകടത്തിൽപെടില്ല.
ആദ്യം ബോധവത്കരണം നടത്തും. തുടർന്ന് മുന്നറിയിപ്പ്. അതിനു ശേഷമേ പിഴ ചുമത്തൂ. ഇതു സംബന്ധിച്ച റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പ് ഉടൻ ഗതാഗത വകുപ്പിന് നൽകും. ബോധവത്കരണം ഉൾപ്പെടെയുള നടപടികൾ എന്നു തുടങ്ങണമെന്ന് വകുപ്പ് മന്ത്രി കെ.ബി.ഗണേശ്‌കുമാർ അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞ വർഷം സെപ്തംബർ മുതൽ കാറിൽ ചൈൽഡ് സീറ്റും ഇരുചക്ര വാഹനത്തിൽ കുട്ടിഹെൽമെറ്റും നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിരുന്നെങ്കിലും മന്ത്രി അത് തടഞ്ഞിരുന്നു. ട്രാൻസ്പോർട്ട് കമ്മിഷണർ മന്ത്രിയുമായി കൂടിയാലോചന നടത്താതെയായിരുന്നു നിർദ്ദേശം,ഇപ്പോൾ കേന്ദ്ര നിയമം വന്നു.
അപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ കാറിൽ ചൈൽഡ് സീറ്റും ഇരുചക്ര വാഹനങ്ങളിൽ ചൈൽഡ് ഹെൽമെറ്റും കൂട്ടിച്ചേർത്തത്. നാലു വയസിന് മുകളിലുള്ല കുട്ടികൾക്ക് ബെൽറ്റുള്ള പ്രത്യേക ഇരിപ്പിടം (ചൈൽഡ് റിസ്ട്രെയിന്റ് സിസ്റ്റം) വേണം. ബൂസ്റ്റർ സീറ്റെന്നും പറയാറുണ്ട്. 4- 14 വയസുള്ള കുട്ടികൾ (135 സെന്റീമീറ്റർ ഉയരം വരെ) ബൂസ്റ്റർ സീറ്റ് ഉപയോഗിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും മറ്റ് സംസ്ഥാനങ്ങൾ നിർബന്ധമാക്കിയിട്ടില്ല.
Post a Comment
Thanks