നിമിഷപ്രിയയുടെ ശിക്ഷായിളവ് മുടക്കാന്‍ കുത്തിത്തിരിപ്പുമായി ചില മലയാളികള്‍; തലാലിന്റെ ബന്ധുക്കളെ പ്രകോപിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമം


നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കാനുള്ള യെമന്‍ അധികൃതരുടെ തീരുമാനം ഏറെ ആശ്വാസത്തോടെയാണ് മലയാളികള്‍ കേട്ടത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍, യെമനിലെ തന്റെ സുഹൃത്തും സൂഫിയുമായ ഷെയ്ഖ് ഉമര്‍ ഹബീബുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു ആശ്വാസവാര്‍ത്ത ഇന്നലെ നമ്മെ തേടിയെത്തിയത്. മലയാളികള്‍ അത് ഏറെ ആശ്വാസത്തോടെയും സന്തോഷത്തോടെയും വരവേറ്റു. എന്നാല്‍, ഇപ്പോള്‍ ചിലര്‍ നിമിഷപ്രിയയുടെ കാര്യത്തിലുണ്ടാകുന്ന ആശ്വാസം മുടക്കാനുള്ള തീവ്രശ്രമത്തിലാണ്. ചില കോണുകളില്‍ നിന്ന് സോഷ്യല്‍മീഡിയ ഉപയോഗിച്ചാണ് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്.


കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ സഹോദരന്‍ അടക്കമുള്ള കുടുംബത്തെ പ്രകോപിപ്പിച്ചും തെറ്റുധരിപ്പിച്ചുമാണ് കുത്തിത്തിരിപ്പുണ്ടാക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന നവാസ് ജാനെ, പത്തനംതിട്ട പന്തളം സ്വദേശി മുബാറക് റാവുത്തര്‍, എ ടി എസ് ഫൈസാനി, താഹിര്‍ ഹുദവി ചെമ്പുലങ്ങാട് തുടങ്ങിയ ഫേസ്ബുക്ക് ഐ ഡികളാണ് കുത്തിത്തിരിപ്പിന് മുന്നില്‍.

നിങ്ങളുടെ സഹോദരന്റെ രക്തം വിറ്റ് കാശാക്കുകയാണോ, സ്വന്തം സഹോദരന് ഇത്ര വിലയേ നിങ്ങള്‍ കല്പിക്കുന്നുള്ളൂ തുടങ്ങിയ കമന്റുകളാണ് തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളായി ചില മലയാളികള്‍ ഇടുന്നത്. നിമിഷപ്രിയക്ക് കേരളത്തില്‍ ഇപ്പോള്‍ വീര പരിവേഷമാണ്, ഇന്ത്യയില്‍ ഒരുപാട് മുസ്ലിംകള്‍ ജയിലിലുണ്ട്, അവരെയുടെ മോചനവിഷയത്തിലൊന്നും ഒരക്ഷരം മിണ്ടാത്തവരാണ് നിങ്ങളുടെ നാട്ടുകാരനെ/ സഹോദരനെ കൊന്ന നിമിഷപ്രിയക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത് തുടങ്ങിയ കമന്റുകള്‍ ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ചെയ്ത് അറബിയിലാണ് ഇടുന്നത്. ഇതില്‍ നവാസ് ജാനെയുടെ കമന്റ് തലാലിന്റെ നാട്ടില്‍ ഏറെ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

നിമിഷപ്രിയയില്‍ നിന്ന് ദിയാധനം സ്വീകരിക്കാന്‍ ഗോത്രത്തലവന്മാരും കുടുംബക്കാരും സമ്മതിച്ചാല്‍ തന്നെ നാട്ടുകാരായ നിങ്ങള്‍ രംഗത്തിറങ്ങണമെന്ന കാലാപാഹ്വാനവും ഇവര്‍ യെമനികളോട് പറയുന്നുണ്ട്. തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ എടുത്ത് ഗ്രൂപ്പുണ്ടാക്കിയാണ് ഇത്തരം ആഹ്വാനങ്ങള്‍. അതേസമയം, കുത്തിത്തിരിപ്പുകാരെ തുറന്നുകാണിക്കാന്‍ സോഷ്യല്‍മീഡിയ തന്നെ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. 


മുന്‍പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ധനസമാഹരണം നടത്തി മലയാളികളുടെ കരുതലിന്റെ ഭാഗമായി രോഗമുക്തനായ വ്യക്തിയും കുത്തിത്തിരിപ്പിന് മുന്‍പന്തിയിലുണ്ടെന്ന കാര്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha