തെരുവുനായ വന്ധ്യംകരണം; കേന്ദ്രം തുടങ്ങാന്‍ സ്‌ഥലം ലഭിച്ചില്ല; എ.ബി.സി. കേന്ദ്രമില്ലാത്ത ഏക ജില്ലയായി മലപ്പുറം ____________


മലപ്പുറം: ജില്ലയില്‍ തെരുവുനായ വന്ധ്യംകരണ കേന്ദ്രം തുടങ്ങാന്‍ ജില്ലാപഞ്ചായത്തിന്‌ ഇതുവരെ സ്‌ഥലം ലഭിച്ചില്ല. എ.ബി.സി കേന്ദ്രം ആരംഭിക്കാന്‍ മങ്കടയിലെ റവന്യൂ വകുപ്പിന്റെ ഉപയോഗശൂന്യമായ ഭൂമി വിട്ടുനല്‍കണമെന്ന ജില്ലാ പഞ്ചായത്തിന്റെ കത്തില്‍ മാസങ്ങളായിട്ടും റവന്യൂ വകുപ്പ്‌ മറുപടി നല്‍കിയില്ല.


രണ്ടേക്കറോളമുള്ള ഭൂമിയില്‍ കുറച്ചുഭാഗം എം.സി.എഫ്‌ നിര്‍മ്മിക്കാന്‍ അടുത്തിടെ മങ്കട പഞ്ചായത്തിന്‌ കൈമാറിയിട്ടുണ്ട്‌. ശേഷിക്കുന്ന ഭൂമിയില്‍ നിന്ന്‌ 50 സെന്റ്‌ എങ്കിലും അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ മേയില്‍ ജില്ലാ കലക്‌ടര്‍ക്ക്‌ കത്ത്‌ നല്‍കിയിരുന്നു.


എ.ബി.സി പദ്ധതിയുടെ നടത്തിപ്പ്‌ ചുമതലയുള്ള ജില്ലാ പഞ്ചായത്തിന്റെ കൈവശം വന്ധ്യംകരണ കേന്ദ്രം നിര്‍മ്മിക്കാന്‍ സ്‌ഥലമില്ലാത്തതാണ്‌ പ്രതിസന്ധി. ഇതു മറികടക്കാന്‍ റവന്യൂ വകുപ്പിന്റെ കൈവശം ജില്ലയിലെ വിവിധ ഇടങ്ങളിലായി ഒഴിഞ്ഞു കിടക്കുന്ന ഭൂമികളിലൊന്ന്‌ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പല തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.


നേരത്തെ ചീക്കോടില്‍ റവന്യൂ വകുപ്പിന്റെ ഒരേക്കര്‍ ഭൂമി അനുയോജ്യമാണെന്ന്‌ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും ഭൂമിയിലേക്കുള്ള വഴി കേസില്‍പ്പെട്ട്‌ കിടന്നതോടെ ഇത്‌ ലഭിച്ചില്ല. കീഴാറ്റൂര്‍ മുതുകുറുശ്ശിയില്‍ എസ്‌റ്റേറ്റ്‌ മേഖലയോട്‌ ചേര്‍ന്ന റവന്യൂ ഭൂമിയും പരിഗണിച്ചെങ്കിലും ലഭിച്ചില്ല. സംസ്‌ഥാനത്ത്‌ വന്ധ്യംകരണത്തിനുള്ള എ.ബി.സി കേന്ദ്രം ഇല്ലാത്ത ഏക ജില്ല കൂടിയാണ്‌ മലപ്പുറം. മറ്റ്‌ ജില്ലകളില്‍ ഒന്നിലധികം കേന്ദ്രങ്ങളുണ്ട്‌.


ഒരുവര്‍ഷം ജില്ലയില്‍ ശരാശരി പതിനായിരത്തോളം പേര്‍ തെരുവുനായയുടെ കടിയേറ്റ്‌ ചികിത്സ തേടുന്നുണ്ട്‌. ഗുരുതര പരിക്കേറ്റ കുട്ടികള്‍ ഉള്‍പ്പെടെയുണ്ട്‌. പെരുവള്ളൂരില്‍ പേവിഷ ബാധയേറ്റ്‌ പെണ്‍കുട്ടി മരിക്കുകയും ചെയ്‌തിട്ടുണ്ട്‌. തെരുവുനായകളുടെ അനിയന്ത്രിതമായ പ്രജനനം തടയുന്നതിനായി 2016ലാണ്‌ തദ്ദേശസ്‌ഥാപനങ്ങള്‍ മുഖേന അനിമല്‍ ബര്‍ത്ത്‌ കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതിക്ക്‌ തുടക്കമിട്ടത്‌.


2016ല്‍ കുടുംബശ്രീക്കായിരുന്നു തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള ചുമതല നല്‍കിയിരുന്നത്‌. വൈദഗ്‌ദ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന്‌ ചൂണ്ടിക്കാട്ടി 2021ല്‍ ഹൈക്കോടതി കുടുംബശ്രീയെ വിലക്കി.

 

3,307 നായ്‌ക്കളെയാണ്‌ അഞ്ച്‌ വര്‍ഷത്തിനിടെ എ.ബി.സി പദ്ധതിക്ക്‌ കീഴില്‍ വന്ധ്യംകരിച്ചത്‌. മങ്കടയിലെ റവന്യൂ ഭൂമി എ.ബി.സി കേന്ദ്രത്തിനായി അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കത്ത്‌ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്നു ജില്ലാ മൃഗസംരക്ഷണ വകുപ്പ്‌ അധികൃതര്‍.


കഴിഞ്ഞ കോവിഡ്‌ കാലഘട്ടത്തിനു ശേഷമാണു ജില്ലയിലെ പ്രധാന ടൗണുകളില്‍ ഉള്‍പ്പെടെ തെരുവുനായകള്‍ വ്യാപിച്ചത്‌. ജനം പുറത്തിറങ്ങാതിരുന്ന ഈ സമയത്ത്‌ വ്യാപകമായ തെരുവുനായകള്‍ പിന്നീട്‌ ഇവിടങ്ങള്‍ കൈയടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മങ്കടയില്‍ തെരുവുനായ ഓട്ടോക്കുമുന്നില്‍ ചാടിയതോടെ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരണപ്പെട്ടിരുന്നു.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha