വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

 


കോഴിക്കോട്: വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരനെ അതിസാഹസികമായി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.  ഒളവണ്ണയിലാണ് സംഭവം. കളിക്കുന്നതിനിടയിൽ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കയറിയ കുട്ടി കുടുങ്ങിപ്പോകുകയായിരുന്നു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്.


ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴത്താണ് സംഭവമുണ്ടായത്. നാലു വയസ്സുള്ള കുട്ടി മെഷീനിൽ കുടുങ്ങി എന്ന വിവരം അറിഞ്ഞാണ് മീഞ്ചന്ത ഫയർ യൂണിറ്റ് കുതിച്ചെത്തിയത്. വീട്ടിലെത്തുന്നതുവരെ കയ്യോ കാലോ കുടുങ്ങിയെന്നാണ് ഫയർ ഫോഴ്സ് കരുതിയത്. എന്നാൽ വീട്ടിലെത്തിയപ്പോഴാണ് ഹനാൻ വാഷിംഗ് മെഷീന് ഉള്ളിൽ പൂർണ്ണമായും അകപ്പെട്ടതാണെന്ന് മനസ്സിലായത്. തുടർന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഡബ്ല്യു സനലിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. 


ഭയന്ന് പോയ കുട്ടിയെ പുറത്തെത്തിക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമായിരുന്നു ഫയർഫോഴ്സിന്. വീട്ടുകാരുടെയും പരിസരവാസികളുടെയും സഹായത്തോടെ യാതൊരു പരിക്കുമില്ലാതെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചത്. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ്പ് ലോഡർ വാഷിംഗ് മെഷീനിൽ കുട്ടി കുടുങ്ങിയെന്നാണ് വീട്ടുകാർ പറയുന്നത്. രാത്രി ഒമ്പതരക്ക് തുടങ്ങിയ രക്ഷാദൗത്യം പത്തരയോടെയാണ് പൂർത്തിയാക്കിയത്. യാതൊരു പരിക്കുമേൽക്കാതെ കുട്ടിയെ പുറത്തെത്തിക്കാൻ കഴിഞ്ഞതിൻ്റെ ആശ്വാസത്തിലാണ് ഫയർഫോഴ്സ് സംഘം.

Post a Comment

Thanks

أحدث أقدم
Moonniyur Vartha