മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഫർണിച്ചർ കടയുടെ മറവിൽ ലഹരി വിൽപന നടത്തിയിരുന്ന സംഘം പോലീസ് പിടിയിൽ. നാലംഗ സംഘമാണ് എംഡിഎംഎയുമായി പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന 9.46 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. പയ്യനാട് മണ്ണാറം വുഡ് ഫർണിച്ചർ നിർമ്മാണശാലയുടെ ഓഫീസിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. അര ലക്ഷം രൂപയോളം വിലവരുന്ന ലഹരിവസ്തുക്കളാണ് പോലീസ് പരിശോധനയിൽ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരാണ് അറസ്റ്റിലായത്. പയ്യനാട് ചോലക്കൽ സ്വദേശി സൈഫുദ്ധീൻ, ഇളംകുർ മഞ്ഞപറ്റ സ്വദേശി ഫസലുറഹ്മാൻ, പാലക്കുളം സ്വദേശി അനസ്, പയ്യനാട് പിലാക്കൽ സ്വദേശി ജാബിർ എന്നിവരാണ് അറസ്റ്റിലായി.
മറ്റൊരു സംഭവത്തിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിലായി. 2.3 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വാദേശിയായ നൂർ ഹുസൈൻ (39) എന്നയാളാണ് അറസ്റ്റിലായത്. റെയിൽവെ സംരക്ഷണ സേനയും എക്‌സൈസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ അജീഷ്, സുജീഷ്, ബാസിത്, സിവിൽ എക്സൈസ് ഓഫീസർ സദാശിവൻ എന്നിവരും പങ്കെടുത്തു.
അതേസമയം, കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച മാരക രാസലഹരിയുമായി ഒരാൾ അറസ്റ്റിലായി. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ നടത്തിയ പരിശോധനയിലാണ് മാരക രാസലഹരി പിടികൂടിയത്. വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് മെത്താഫിറ്റമിനുമായി യുവാവ് കുടുങ്ങിയത്. സംഭവത്തിൽ വേങ്ങര കണ്ണാടിപ്പുര മുഹമ്മദ് മുഷ്‌രിഫിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 4.868 ഗ്രാം മെത്താഫിറ്റമിനാണ് യുവാവിന്റെ പക്കൽ നിന്നും പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിൽ മുത്തങ്ങ ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധയ്ക്കിടെയാണ് മെത്താഫിറ്റമിൻ പിടികൂടിയത്. പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ മണികണ്ഠൻ വികെ, അസി എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സിവി, പ്രിവെൻറ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി,പി, അനീഷ് എഎസ് , വിനോദ് പിആർ ചാൾസ്കുട്ടി ടിഇ, സിവിൽ എക്സൈസ് ഓഫീസർ മാരായ സുധീഷ് വി, ശിവൻ ഇബി, വനിതാ സിവിൽ എക്സൈസ് ഓഫീസർ മാരായ ഷൈനി കെഇ, പ്രസന്ന ടിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയതും പ്രതിയെ പിടികൂടിയതും.
Post a Comment
Thanks