ഫറോക്ക്: വീട്ടമ്മയുടെ മാല പൊട്ടിച്ച അന്തർ ജില്ലാ മോഷ്ടാക്കളെ പിടികൂടി. ഫറോക്ക് പെരുമുഖം മുതുവാട്ടു പാറ റോഡിലൂടെ നടന്ന് പോവുകയായിരുന്ന പെരുമുഖം കുറ്റിയിൽ പുല്ലൂർ വീട്ടിൽ പ്രബിതയുടെ ഒന്നര പവൻ മാല സ്കൂട്ടറിലെത്തി പൊട്ടിച്ച പ്രതികളായ തിരൂർ ആതവനാട് സ്വദേശി അനൂപ് സൽമാൻ (40), ആലുവ മാറമ്പള്ളി സ്വദേശി ശ്രീകുട്ടൻ (28) എന്നിവരാണ് പിടിയിലായത്.
ഫറോക്ക് അസിസ്റ്റൻ്റ് കമ്മിഷണർ എ.എം. സിദ്ദീഖിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്ത്, എസ്.ഐ, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തു. സമാന കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ട പ്രതികളെ പറ്റിയുള്ള അന്വേഷണത്തിലാണ് പതിനേഴോളം കേസുള്ള ശ്രീകുട്ടനിലേക്കും അഞ്ച് കേസുകളുള്ള അനൂപ് സൽമാനിലേക്കും എത്തിയത്. മോഷ്ടിച്ച ബൈക്കുമായി കറങ്ങി ഒറ്റക്ക് നടന്ന് സ്ത്രീകളെ പിൻതുടർന്ന് മാലപൊട്ടിച്ച് കടന്ന് കളയുകയും സ്വർണ്ണം വിറ്റ് കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയും ലഹരിക്കുമായാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്.
പ്രതി അനൂപ് സൽമാൻ 2024 മെയിൽ ജയിലിൽ നിന്ന് ഇറങ്ങിയിരുന്നു . ഫറോക്ക് എസ് ഐ .വിനയൻ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കും വിവിധ ജില്ലകളിലായി നിരവധി കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post a Comment
Thanks