കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി -2025 ഒന്നാം വിള: കർഷകർക്ക് അപേക്ഷിക്കാം.

 


തിരുവനന്തപുരം: കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കിവരുന്ന വിള ഇൻഷുറൻസ് പദ്ധതിയായ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയിൽ ഒന്നാം വിള കൃഷിചെയ്യുന്ന കർഷകർക്ക് അപേക്ഷ സമർപ്പിക്കാം നിലവിൽ തിരഞ്ഞെടുത്ത 27 വിളകൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. പൊതുമേഖലയിലെ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി (AIC) മുഖേനയാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്. കൃഷി ചെയ്യുന്ന പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനം അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ വിജ്ഞാപനം ചെയ്തിട്ടുള്ള കാലാവസ്ഥ കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച് പ്രകൃതിക്ഷോഭതോത് നിർണ്ണയിച്ച് നഷ്ടപരിഹാര തുക കർഷകർക്ക് അവരുടെ ബാങ്ക്  അക്കൗണ്ടിൽ നേരിട്ട് ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ഇതിനായി ഓരോ വിജ്ഞാപിത പ്രദേശത്തിനും നിശ്ചിത സൂചനാ കാലാവസ്ഥാനിലയം സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.


വിജ്ഞാപനം ചെയ്യപ്പെട്ട വിളകൾക്ക് വായ്പയെടുക്കുന്ന കർഷകർക്ക് പ്രസ്തുത ബാങ്കുകൾ മുഖേന പദ്ധതിയിൽ അംഗമാകാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയം തുക, ആധാറിന്റെ പകർപ്പ്, നികുതി രസീതിന്റെ  പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്ക‌രാറിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം. വായ്പയെടുക്കാത്ത കർഷകർ അടുത്തുള്ള അക്ഷയകേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, അംഗീകൃത ബ്രോക്കിങ് എജന്റ്, ഇൻഷുറൻസ് ഏജന്റ് എന്നിവരുമായി ബന്ധപ്പെട്ട് വിളകൾക്കുള്ള ഇൻഷുറൻസ് പ്രീമിയം അടച്ച് പരിരക്ഷ ഉറപ്പാക്കണം. നിലവിൽ 2025 ഒന്നാം വിളയുടെ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുവാൻ ദേശീയ വിള ഇൻഷുറൻസ് പോർട്ടൽ സജ്ജമായിട്ടുണ്ട്. 2025 ജൂലൈ 15 ആണ് ഇൻഷുറൻസ് എടുക്കാനുള്ള അവസാന തീയതി. കർഷകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടുക.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha