മകളുടെ വിവാഹത്തിന് ലോണെടുത്തത് 16 ലക്ഷം, തിരിഞ്ഞുനോക്കാതെ മകൾ; വയോധിക കുടുംബം പെരുവഴിയിൽ


കാസർകോട്: മകളുടെ വിവാഹത്തിന് ബാങ്കിൽ നിന്നും ലോണെടുത്ത തുക തിരിച്ചടക്കാനാകാതെ വന്നതോടെ പെരുവഴിയിലായി കുടുബം. നിലേശ്വരം പള്ളിക്കരയിൽ മുണ്ടേമാടിലെ പത്മനാഭൻ ദേവി ദമ്പതികളുടെ വീടും സ്ഥലവുമാണ് ബാങ്ക് ജപ്തി ചെയ്തത്. ദമ്പതികൾ അന്തിയുറങ്ങുന്ന ഷെഡിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് ബങ്ക് അന്ത്യശാസനം നൽകി.


70കാരനായ പത്മനാഭൻ 2015ൽ ആണ് നീലേശ്വരം യൂണിയൻ ബാങ്കിൽ നിന്ന് വീട് സ്ഥലവും പണയപ്പെടുത്തി 16 ലക്ഷം രൂപ ലോണെടുത്തത്. മകൾ സജിതയുടെ വിവാഹത്തിനും വീടിന്റെ അറ്റകുറ്റപ്പണിക്കുമായാണ് ലോണെടുത്തത്. 13 ലക്ഷം ഇതിനോടകം തിരച്ചടച്ചു. കൊവിഡ് കാലത്ത് മകന്റെ ജോലി നഷ്ടപ്പെട്ടതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. 2023ൽ വീട് ബാങ്ക് ജപ്തി ചെയ്തു. തുടർന്ന് പറമ്പിൽ ടാർപ്പായ വലിച്ചുകെട്ടിയ ചായിപ്പിലായിരുന്നു ഇവരുടെ താമസം. ഇപ്പോൾ ഈ സ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് ബാങ്ക് ജീവനക്കാർ അന്ത്യശാസനം നൽകി. 25 ലക്ഷത്തോളം ബാങ്കിൽ കുടിശികയായി അടയ്ക്കണം. ജീവനൊടുക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് കുടുംബം പറയുന്നു.


ലോൺ തിരിച്ചടയ്ക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ സജിതയെ സമീപിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് ദമ്പതികൾ പറയുന്നു. കഷ്ടപ്പെട്ട് ജോലി എടുത്താണ് മകളെ പഠിപ്പിച്ചത്. ജോലി കിട്ടി ഒരു രൂപ പോലും അമ്മയ്ക്കും അച്ഛനും നൽകിയിട്ടില്ലെന്ന് മാതാവ് ദേവി പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജിൽ ഡെന്റൽ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് സജിത. ഇവരുടെ പേരിലുള്ള ലോണിന് ഈട് വച്ചതാണ് വീട്. വഴിയോരക്കച്ചവടക്കാരനായ പത്മനാഭൻ ഇപ്പോൾ അസുഖ ബാധിതനായി ചികിത്സയിലണ്. മകൻ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ബാങ്കിന്റെ അന്ത്യശാസനം വന്നതോടെ ഇനി എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണ് കുടുംബം

Post a Comment

Thanks

Previous Post Next Post
Moonniyur Vartha