മൂന്നിയൂർ: തിരൂരങ്ങാടിയെയും മൂന്നിയൂരിനെയും ബന്ധിപ്പിച്ച് കൊണ്ട് വളരെ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഏറെ കാലപഴക്കമുള്ള പാറക്കടവ് പാലത്തിന്റെ ബലക്ഷയം പരിശോധിക്കണമെന്നും വലിയ ഭാരം കയറ്റിയുള്ള വാഹനങ്ങൾ പാലത്തിലൂടെ കടന്ന് പോവുന്നത് ആശങ്കയുണർത്തുന്നുവെന്നും കാണിച്ച് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാത 66 ൽ കൂരിയാട് റോഡ് തകർന്നതോടെ കണ്ടെയ്നർ ഉൾപ്പെടെ വലിയ ഭാരം വഹിച്ചു കൊണ്ടുള്ള വാഹനങ്ങൾ പാറക്കടവ് പാലം വഴിയാണ് തൃശ്ശൂർ - കോഴിക്കോട് ഭാഗത്തേക്ക് കടന്ന് പോവുന്നത്. കാലപഴക്കത്താൽ തൂണുകൾ ദ്രവിച്ച് കൊണ്ടിരിക്കുന്ന പാലത്തിന് ഇത് ഏറെ ഭീഷണിയാണ്. കൂരിയാട് ദേശീയ പാത നിർമ്മാണം പൂർത്തിയാവുന്നത് വരെ പാറക്കടവ് പാലം വഴിയായിരിക്കും വലിയ വാഹനങ്ങളടക്കം കടന്ന് പോവുക.
കൂരിയാട് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്താലും ചമ്രവട്ടം വഴി എറണാങ്കുളത്തേക്ക് പോവുന്ന വലിയ ലോഡ് കയറ്റിയ വാഹനങ്ങൾ ഇത് വഴിയാണ് കടന്ന് പോവുക. പാലത്തിന്റെ പല തൂണുകളും കൈവരികളുമെല്ലാം ദ്രവിച്ചതിനാൽ വലിയൊരു അപകടം ഉണ്ടാവുന്നതിന് മുമ്പ് പാലത്തിന്റെ ബലം പരിശോധിച്ച ഉറപ്പ് വരുത്തണമെന്ന് നിവേദനത്തിൽ അഷ്റഫ് കളത്തിങ്ങൽ പാറ ആവശ്യപ്പെട്ടു.
إرسال تعليق
Thanks