മുംബൈ: മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. കാബിനുള്ളിൽ നിന്ന് കത്തിയ മണം ഉയര്‍ന്നതോടെയാണ് വിമാനം തിരിച്ചിറക്കിയത്. ഇന്നലെ രാത്രി 11: 40-നാണ് വിമാനം മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ടത്. AI639 വിമാനം പറന്നുയര്‍ന്ന് 45 മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്തോ കത്തിയ തരത്തില്‍ പുകയും മണവും പുറത്തുവന്നു. ഇതോടെ വിമാനം തിരിച്ചറക്കുകയാണെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. സാങ്കേതിക പ്രശ്‌നം മൂലം വിമാനം തിരിച്ചിറക്കുകയാണ് എന്നാണ് പൈലറ്റ് യാത്രക്കാരോട് പറഞ്ഞത്. ആ വിമാനത്തിന് ബദൽ വിമാനം തയ്യാറാക്കി യാത്രക്കാരെ ചെന്നൈയിലേക്ക് എത്തിക്കാനുളള ശ്രമത്തിലാണ് എയര്‍ ഇന്ത്യ.
'വിമാനം മുംബൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. അപ്രതീക്ഷിതമായി യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നു. യാത്രക്കാര്‍ക്ക് വേണ്ട പിന്തുണ നല്‍കാന്‍ ജീവനക്കാര്‍ സജ്ജരാണ്'- എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കുമാണ് തങ്ങളുടെ മുന്‍ഗണനയെന്നും വക്താവ് അറിയിച്ചു. നേരത്തെ ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. A320 വിമാനം രാവിലെ 10.40-ന് പുറപ്പെടേണ്ടതായിരുന്നു. 20 മിനിറ്റ് വൈകി 11.04-ന് പറന്നുയര്‍ന്ന വിമാനം 12.05-ന് ജമ്മുവില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ഡല്‍ഹിയില്‍ തിരിച്ചിറക്കി. സാങ്കേതിക പ്രശ്‌നം മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നും ഡല്‍ഹി- ജമ്മു സര്‍വീസിനായി ബദല്‍ വിമാനം ക്രമീകരിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
Post a Comment
Thanks