ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ഡി.എം.ഒ


മലപ്പുറം | ജില്ലയില്‍ ഡെങ്കിപ്പനിക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക.  മഴക്കാലമായതോടെ ഡെങ്കിപ്പനി പടരുന്ന സാഹചര്യമുണ്ടെന്നും മൂന്ന് പേര്‍ ഇതിനകം മരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പ്രായമായവരിലാണ് ഡെങ്കി അപകടകരമാകുന്നതായി കാണുന്നത്. ഡെങ്കിപ്പനി ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സ്റ്റോക്കുണ്ടെന്നും ഡി.എം.ഒ പറഞ്ഞു. എം.എല്‍.എമാരായ പി. ഉബൈദുള്ള, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുള്‍ ഹമീദ്, യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ ജില്ലാ വികസന സമിതിയില്‍ ഉന്നയിച്ച പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഡി.എം.ഒ. ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മാധ്യമങ്ങള്‍ തുടങ്ങി എല്ലാവരും ചേര്‍ന്ന് നടത്തിയ ബോധവത്കരണത്തിന്റെ ഫലമായി ജില്ലയില്‍ വീടുകളിലെ പ്രസവം ഏതാണ്ട് പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഡി.എം.ഒ പറഞ്ഞു. മൂന്ന് കേസുകള്‍ മാത്രമാണ് കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത്. 


എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം അധ്യാപക ഒഴിവുകള്‍ സ്റ്റാഫ് ഫിക്‌സേഷന്‍ റിപ്പോര്‍ട്ട് ലഭ്യമാകുന്നതോടെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി കഴിയും മുമ്പ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് നിയമനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ നിര്‍ദേശിച്ചു. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് സപ്ലിമെൻ്ററി അലോട്ട്‌മെന്റ് പൂര്‍ത്തിയാവുന്നതോടെ വ്യക്തമായ ചിത്രം ലഭിക്കുമെന്ന് ഹയര്‍സെക്കന്‍ഡറി ഡപ്യൂട്ടി ഡയറക്ടര്‍ വികസനസമിതി യോഗത്തില്‍ അറിയിച്ചു. 

ജില്ലയിൽ നിലവിൽ അൺ എയ്ഡഡ് ഉൾപ്പെടാതെ തന്നെ 9158 പ്ലസ് വണ്‍ സീറ്റുകളിൽ ഒഴിവുണ്ടെന്നും 13187 അപേക്ഷർ കാത്തിരിപ്പിലുണ്ടെന്നും ആര്‍.ഡി.ഡി അറിയിച്ചു.  


ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാക്കഞ്ചേരി ചന്തയിലേക്കും ചേലൂപ്പാടത്തേക്കുമുള്ള ഗ്രാമീണ റോഡുകള്‍ പൂര്‍ണമായും അടക്കുന്ന സാഹചര്യമാണെന്ന് പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ  പറഞ്ഞു. ഫൂട്ട് ഓവര്‍ബ്രിഡ്ജ് നിര്‍മാണത്തിനായി സ്ഥലം ലഭ്യമാക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ദേശീയപാത അതോറിറ്റി കത്ത് നല്‍കിയിട്ടുണ്ടോ എന്നും എം.എല്‍.എ ആരാഞ്ഞു. ഇക്കാര്യത്തില്‍ യൂനിവേഴ്‌സിറ്റി രജിസ്ട്രാറുമായി സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്  ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. കുറ്റിപ്പുറം ഭാരതപ്പുഴയുടെ ഭാഗത്ത് ഡ്രൈനേജ് നിര്‍മാണത്തിന് സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ദേശീയപാതാവികസന അതോറിറ്റിയോട് ആവശ്യപ്പെട്ടു. പുറമ്പോക്ക് കഴിഞ്ഞ് 150 മീറ്റര്‍ പ്രദേശത്തുകൂടി ഡ്രൈനേജ് സ്ഥാപിക്കാന്‍ നടപടിയായിട്ടുണ്ടെന്ന് ദേശീയപാത വികസന അതോറിറ്റി പ്രതിനിധി അറിയിച്ചു. ദേശീയപാതയിലെ വെള്ളം ജനവാസകേന്ദ്രങ്ങളിലേക്ക് തുറന്നുവിടുന്ന അവസ്ഥയാണെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. ദേശീയപാതയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ പ്രൊജക്ട് ഡയറക്ടറുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അടുത്തയാഴ്ച തന്നെ വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയ സാഹചര്യത്തിലാണ് രാത്രികാല പോസ്റ്റ് മോര്‍ട്ടം താല്‍ക്കാലികമായി തടസ്സപ്പെട്ടതെന്ന്  യു.എ ലത്തീഫ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.  രാത്രികാല പോസ്റ്റ്‌മോര്‍ട്ടം വൈകാതെ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ മൂലം സുരക്ഷിതമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരുടെ പുനരധിവാസ നടപടികള്‍ വേഗത്തിലാക്കണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു.  


തിരൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയുടെ നവീകരണം അടിയന്തരമായി നടത്തണമെന്നും സിവില്‍ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വൃത്തിയുള്ള ശുചിമുറികള്‍ സജ്ജമാക്കണമെന്നും പി.പി. സുനീര്‍ എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.

എം.പിമാരുടെ പ്രതിനിധികള്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ജില്ലാ വികസന കമ്മീഷണര്‍ അപൂര്‍വ  ത്രിപാഠി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ഡി ജോസഫ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha