തിരൂരങ്ങാടി: ഗൂഡല്ലൂർ-പരപ്പനങ്ങാടി റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് യൂത്ത് ലീഗ് നിവേദനം സമർപ്പിച്ചു.
പരപ്പനങ്ങാടി മുതൽ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലേക്കും തിരിച്ചും ദിനേന നൂറുകണക്കിന് യാത്രക്കാർ ജോലി, വ്യാപാരം, ബന്ധുസന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നുണ്ട്. മലപ്പുറം ജില്ലയിലെ മഞ്ചേരി, മലപ്പുറം, പാണക്കാട്, വേങ്ങര, കക്കാട്, ചെമ്മാട്, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിന്ന് ഗൂഡല്ലൂർ ഭാഗത്തേക്ക് യാത്രക്കാർ ഒന്നിലധികം ബസുകൾ മാറിക്കയറി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.
ഈ റൂട്ടിൽ മമ്പുറം മഖാം, മലപ്പുറം ജില്ലാ പൈതൃക മ്യൂസിയം, നിർമാണത്തിലിരിക്കുന്ന സയൻസ് പാർക്ക്, ന്യൂക്കട്ട് ടൂറിസം കേന്ദ്രം തുടങ്ങിയ പ്രധാന തീർത്ഥാടന, ടൂറിസം കേന്ദ്രങ്ങളും ഉൾപ്പെടുന്നു. ഇതിനാൽ, ഗൂഡല്ലൂരിൽ നിന്ന് രാവിലെ മഞ്ചേരി, മലപ്പുറം, പാണക്കാട്, വേങ്ങര, മമ്പുറം, ചെമ്മാട് വഴി പരപ്പനങ്ങാടിയിലേക്കും, ഉച്ചയ്ക്ക് ശേഷം പരപ്പനങ്ങാടിയിൽ നിന്ന് ഗൂഡല്ലൂരിലേക്കും കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.
"ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി. സർവീസ് അടിയന്തിരമായി ആരംഭിക്കണം. ഇത് യാത്രക്കാർക്ക് സൗകര്യപ്രദവും കെ.എസ്.ആർ.ടി.സി.ക്ക് ലാഭകരവുമായ റൂട്ടായിരിക്കും," മുസ്‌ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ. റസാഖ് പറഞ്ഞു.

إرسال تعليق
Thanks