രാമനാട്ടുകര: ദേശീയപാത ബൈപാസ് നീലിത്തോട് പാലം സർവീസ് റോഡിൽ അപകടക്കെണി. പഴയ നീലിത്തോട് പാലവും ആറുവരിപ്പാതയിൽ നിർമിച്ച പുതിയ പാലവും തമ്മിൽ ബന്ധിപ്പിക്കാത്തതിനാൽ പാതയോരത്ത് വലിയ കിടങ്ങാണ്. ഡ്രൈവർമാർക്കു ശ്രദ്ധ മാറിയാൽ വാഹനം കുഴിയിൽ ചാടും.
ഇരുചക്ര വാഹനയാത്രക്കാരാണു പ്രധാനമായും അപകട ഭീഷണി നേരിടുന്നത്. രണ്ടാഴ്ച മുൻപ് ഇവിടെ അപകടത്തിൽപെട്ട ഇരുചക്ര വാഹന യാത്രക്കാരനു പരുക്കേറ്റിരുന്നു.
ആറുവരിപ്പാതയ്ക്കായി നീലിത്തോടിലെ പഴയ പാലത്തിന് 2 തൂണുകൾ സ്ഥാപിച്ചു വീതി കൂട്ടിയെങ്കിലും പുതുതായി സ്ഥാപിച്ച കോൺക്രീറ്റ് ഗർഡറും പഴയ പാലവും തമ്മിൽ 3 അടിയോളം അകലമുണ്ട്.
പാലത്തിനു സമീപം സർവീസ് റോഡിനു വീതി കുറവായതിനാൽ രാത്രി ഇരുചക്ര വാഹനങ്ങൾ കിടങ്ങിൽ ചാടാൻ സാധ്യത ഏറെയാണ്. ആറുവരിപ്പാതയിൽ തെരുവുവിളക്ക് സ്ഥാപിച്ചെങ്കിലും ഇതുവരെ പ്രവർത്തിപ്പിച്ചു തുടങ്ങിയിട്ടില്ല. ഇതിനാൽ വാഹനയാത്രക്കാർ ഭീതിയോടെയാണു സഞ്ചാരം.
പുതിയ പാലത്തിന് ഗർഡർ സ്ഥാപിച്ചു മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ പണികൾ പൂർത്തിയാക്കിയിട്ടില്ല. കോൺക്രീറ്റ് ഗർഡറും പാലവും തമ്മിൽ യോജിപ്പിച്ചാൽ അപകടാവസ്ഥ ഒഴിവാക്കാനാകുമെങ്കിലും ഇതിനു നടപടി നീളുകയാണ്.
Post a Comment
Thanks