സ്വാതന്ത്ര്യ ദിനാഘോഷം:ജില്ലയില്‍ മന്ത്രി കെ. രാജന്‍ അഭിവാദ്യം സ്വീകരിക്കും;വിവിധ സേനകളുടെ 34 പ്ലാറ്റൂണുകള്‍ അണിനിരക്കും

മലപ്പുറം:ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അഭിവാദ്യം സ്വീകരിക്കും. പരേഡിന് എം.എസ്.പി അസിസ്റ്റന്റ് കമാൻഡന്റ് കെ. രാജേഷ് നേതൃത്വം നൽകും. സായുധ പോലീസ് ഇൻസ്പെക്ടർ  പി. ബാബു സെക്കൻഡ് ഇന്‍ കമാൻഡറാകും. പരേഡില്‍ പൊലീസ് ഉള്‍പ്പടെ വിവിധ സേനാ വിഭാഗങ്ങളുടെയും എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയുടെയും 34 പ്ലറ്റൂണുകള്‍ അണിനിരക്കും. മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന പ്രഭാതഭേരിയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക.

രാവിലെ 7.15 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രഭാതഭേരി പെരിന്തല്‍മണ്ണ റോഡിലൂടെ എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തും. രാവിലെ 8.35ന് സിവില്‍സ്റ്റേഷനിലുള്ള യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി കെ. രാജന്‍ പരേഡ് ഗ്രൗണ്ടിലെത്തുക. തുടര്‍ന്ന് ഒമ്പത് മണിക്ക് ദേശീയ പതാക ഉയര്‍ത്തും. എം.എസ്.പി, പൊലീസ്, വനിതാ പൊലീസ്, സായുധ റിസര്‍വ് പോലീസ്, എക്സൈസ്, ഫോറസ്റ്റ്, അഗ്നിശമന സേന തുടങ്ങി വിവിധ സേനകളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. പരേഡിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണത്തിന് ശേഷം 9.40ന് ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിക്കും.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha