മലപ്പുറം: ബഹുമാന്യനായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവും കൂടിയായ വേങ്ങര കണ്ണമംഗലം സ്വദേശി എ പി ഉണ്ണികൃഷ്ണൻ അവർകൾ അല്പസമയം മുമ്പ് മരണപ്പെട്ടു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം 03:00 മണി മുതൽ 04:00 മണി വരെ മലപ്പുറം ജില്ലാ പഞ്ചായത്തിൽ പൊതു ദർശനത്തിന് വെക്കും. ശേഷം വേങ്ങര കണ്ണമംഗലം എരണിപ്പടിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. നാളെയാണ് സംസ്കാര ചടങ്ങുകൾ.
നന്നമ്പ്ര ഡിവിഷനില്‍ നിന്നും മല്‍സരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അദേഹം ദീര്‍ഘകാലമായി ദളിത് ലീഗിന്റെ സംസ്ഥാന ജനറള്‍ സെക്രട്ടറിയായിരുന്നു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഉണ്ണികൃഷ്ണൻ. പാണക്കാട് കുടുംബവുമായി വലിയ അടുത്ത ബന്ധമുള്ള അദേഹം മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു.
എ പി ഉണ്ണികൃഷ്ണന്‍ 2000- 05 കാലയളവില്‍ ജില്ലാ പഞ്ചായത്ത് അംഗവും പഴയ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു. 20 വര്‍ഷത്തോളമായി ജില്ലാതല പട്ടികജാതി-വര്‍ഗ മോണിറ്ററിംഗ് കമ്മിറ്റി അംഗമാണ്. പട്ടികജാതി സംസ്ഥാനതല ഉപദേശക സമിതി, ഖാദി ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു.
Post a Comment
Thanks