സമസ്ത സെന്റിനറി: മുദരിസ് സമ്മേളനം സമാപിച്ചു


കോഴിക്കോട് : സാമൂഹിക തിന്മകളുടെ മുഖ്യ കാരണം ധാർമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്നും നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും നിലനിൽപ്പിന് സാമൂഹിക തിൻമകളുടെ നിർമാർജനം അനിവാര്യമാണെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി.അബുബക്കർ മുസ്ലിയാർ പറഞ്ഞു. അറിവിനെ ശരിയായ രീതിയിലും മാതൃകാപരമായും പുതുതലമുറക്ക് നൽകാൻ കഴിയണം; കാന്തപുരം പറഞ്ഞു.


സമസ്ത‌ സെന്ററിനറി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മുദരിസ് സമ്മേളനം കാലിക്കറ്റ് ടവറിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യഷ്യത വഹിച്ചു. സമസ്‌ത മേഖലാ ഘടകങ്ങൾ മുഖേന നേരത്തെ രജിസ്റ്റർ ചെയ്ത 1400 മുദരിസുമാരാണ് സമ്മേളനത്തിൽ പങ്കെടുത്തത്.


ഇസ്ലാമിക വൈജ്ഞാനിക പ്രസരണത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന വിഭാഗമെന്ന നിലയിലാണ് ദർസ്, ശരീഅത്ത്-ദഅവാകോളജുകളിൽ അധ്യാപനം നടത്തുന്ന മുദരിസുമാരെ സമസ്‌ത പ്രത്യേകമായി വിളിച്ചുചേർത്തത്.


സമസ്ത സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി കീ നോട്ട് അവതരിപ്പിച്ചു. സമസ്‌ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ എന്നിവർ പാനലിസ്റ്റുകളായുള്ള സംവാദമായിരുന്നു സമ്മേളനത്തിലെ പ്രധാന സെഷൻ. പ്രതിനിധികൾക്ക് സമസ്‌ത നേതൃത്വവുമായി ആശയവിനിമയത്തിന് അവസരം ഒരുക്കുന്ന സെഷനായിരുന്നു ഇത്.


വിശ്വാസം, കർമ ശാസ്ത്രം തുടങ്ങി വിവിധ വൈജ്ഞാനിക മേഖലകളിലായി നടന്ന സെഷനുകൾക്ക് പേരോട് അബ്ദുറഹ്‌മാൻ സഖാഫി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അലവി സഖാഫി കൊളത്തൂർ നേതൃത്വം നൽകി. മതപ്രബോധകർ പുതിയ കാലത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന ചിന്താവൈകല്യങ്ങളെ ആശയപരമായി പ്രതിരോധിക്കുന്നതിനുള്ള പദ്ധതികൾക്ക് സമ്മേളനം രൂപം നൽകി.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha