മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ ഇന്ന് രണ്ട് മരണം; അതീവ ഗുരുതരം


മലപ്പുറം : ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുന്നതിനിടെ ഇന്ന് രണ്ടു പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീർ , കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) എന്നിവരാണ് ഇന്ന് മരിച്ചത്.

ഭിന്നശേഷിക്കാരനായ ജിഗിൻ രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്. 

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സക്കീർ മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ചതിനെ തുടർന്നാണ് അന്ത്യം.

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ 5 മാസത്തിനിടെ 8 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസമാണ് ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്.  കുടുംബത്തിലെ 9 വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചു.  പോത്തുകൽ,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ്

ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേർക്കാണ്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha