‘എച്ച്’ എടുത്താൽ ലൈസൻസ്... ഇനി നടക്കില്ല; വാഹനം സുരക്ഷിതമായി ഓടിക്കാനാകുമോ എന്നു പരീക്ഷിക്കും



ഡ്രൈവിങ് ടെസ്റ്റിൽ ‘എച്ച്’ എടുപ്പിച്ച് പാസാക്കി ലൈസൻസ് നൽകുന്ന രീതി മോട്ടർ വാഹന വകുപ്പ് അവസാനിപ്പിക്കുന്നു. വെറുതേ വാഹനം ഓടിക്കുന്നതു മാത്രമല്ല, അപകടമുണ്ടാക്കാതെ വാഹനം ‘കൈകാര്യം’ ചെയ്യാൻ കഴിയുമോ എന്നു പരിശോധിക്കുക കൂടി ചെയ്യും. മോട്ടർ വാഹന വകുപ്പ് ഓരോ ഓഫിസ് പരിധിയിലും ഡ്രൈവിങ് ടെസ്റ്റിന്റെ എണ്ണം പ്രതിദിനം 20 ആയി കുറയ്ക്കും. ലേണേഴ്സ് ടെസ്റ്റിലെ ചോദ്യങ്ങളുടെ എണ്ണം ഇനി 30 ആക്കാനും തീരുമാനമായി. ഇതിൽ 25 ചോദ്യങ്ങൾക്കെങ്കിലും ശരിയുത്തരം നൽകിയാലേ ലേണേഴ്സ് ലൈസൻസ് ലഭിക്കൂ. ഇതുവരെ 20 ചോദ്യങ്ങളും 12 എണ്ണം ശരിയായാൽ ലേണേഴ്സ് ലൈസൻസ് ലഭിക്കുമായിരുന്നു.  


ഡ്രൈവിങ് ടെസ്റ്റ് പൂർണമായി ചിത്രീകരിക്കും. ദൃശ്യങ്ങൾ 3 മാസം സൂക്ഷിക്കും. ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥൻ മോശമായി സംസാരിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്താൽ നടപടി സ്വീകരിക്കുന്നതിനു വേണ്ടിയാണിത്. വാഹനം പാർക്ക് ചെയ്യുന്നതിനായി ടെസ്റ്റ് സ്ഥലത്ത് പ്രത്യേക ബോക്സ് വരയ്ക്കും. ഇതിൽ കൃത്യമായി മുന്നിലേക്കും പിന്നിലേക്കും വാഹനം ഓടിച്ചു കാണിക്കണം റോഡിൽ പാർക്ക് ചെയ്യുമ്പോൾ പാലിക്കേണ്ട ചിട്ടവട്ടങ്ങളും പരിശോധിക്കും.    


കയറ്റം, ഇറക്കം എന്നിവിടങ്ങളിൽ വാഹനം ഓടിച്ചു കാണിക്കണം. ഡ്രൈവർ പരിശീലനത്തിനും ലൈസൻസ് ടെസ്റ്റ് നടത്തുന്നതിനും കേന്ദ്ര സർക്കാർ നിർദേശിച്ച അക്രഡിറ്റഡ് ഡ്രൈവർ ട്രെയ്നിങ് സെന്റർ പദ്ധതി സംസ്ഥാനത്തും ആരംഭിക്കുന്നതിനു മുന്നോടിയായാണു ഗതാഗത വകുപ്പിൽ പുതിയ പരിഷ്കാരം വരുന്നത്.


Post a Comment

Thanks

Previous Post Next Post
Moonniyur Vartha