കരിപ്പൂര്‍: എയര്‍ ഇന്ത്യ ഷാര്‍ജ, ദുബൈ സര്‍വിസ് ഇന്നുകൂടി



കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള എയര്‍ ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര സര്‍വിസ് ഉള്‍പ്പെടെ രണ്ട് സര്‍വിസ് ഞായറാഴ്ചയോടെ അവസാനിക്കും.

മൂന്ന് പതിറ്റാണ്ടിലധികമായി നടത്തിയ സര്‍വിസുകളാണ് നിര്‍ത്തുന്നത്. കോഴിക്കോട്-ഷാര്‍ജ, കോഴിക്കോട്-ദുബൈ സര്‍വിസുകളാണ് ചരിത്രമാകുന്നത്. ഡല്‍ഹി സര്‍വിസ് നേരേത്ത നിര്‍ത്തി. ഇനി എയര്‍ ഇന്ത്യക്ക് ആഴ്ചയില്‍ നാല് മുംബൈ സര്‍വിസ് മാത്രമാണുണ്ടാകുക. 

സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണ് നടപടി. ആഴ്ചയില്‍ 14 അന്താരാഷ്ട്ര സര്‍വിസാണ് എയര്‍ ഇന്ത്യ ഒറ്റയടിക്ക് നിര്‍ത്തുന്നത്. ഇവ എയര്‍ ഇന്ത്യ എക്സ്പ്രസ് ഏറ്റെടുക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, എയര്‍ ഇന്ത്യ എക്സ്പ്രസിന് ഷാര്‍ജയിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വിസുള്ളത് പത്താക്കുകയാണ് ചെയ്തത്. അതിനാല്‍ ഷാര്‍ജ സെക്ടറില്‍ ആഴ്ചയില്‍ നാലും ദുബൈ സെക്ടറില്‍ ഏഴും സര്‍വിസുകള്‍ കുറയും.

1992 ഫെബ്രുവരി 15നാണ് കരിപ്പൂരില്‍നിന്ന് ആദ്യ അന്താരാഷ്ട്ര സര്‍വിസ് ആരംഭിച്ചത്. ഇന്ത്യന്‍ എയര്‍ലൈന്‍സായിരുന്നു ഷാര്‍ജയിലേക്ക് സര്‍വിസ് തുടങ്ങിയത്. നിരന്തര സമ്മര്‍ദങ്ങളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിലായിരുന്നു അന്നത്തെ സര്‍വിസ്. ഈ സര്‍വിസ് പിന്നീട് എയര്‍ ഇന്ത്യ ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തിന്റെ ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യ ദീര്‍ഘകാലം നടത്തിയ സര്‍വിസുകളാണ് നഷ്ടമാകുന്നത്.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha